28
Jun 2024
Tue
28 Jun 2024 Tue
madhyapradesh jawra house demolition

മധ്യപ്രദേശിലെ ജൗറയില്‍ ക്ഷേത്രത്തിലേക്ക് പശുവിന്റ തല എറിഞ്ഞുവെന്ന് ആരോപിച്ച് നാല് മുസ്ലിംകളുടെ വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ വസ്തുതകള്‍ പുറത്തുവിട്ട് എപിസിആര്‍(അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്). ( APCR challenges hasty demolition of homes following arrests of Muslim labourers in Jawra ) ജൂണ്‍ 14ന് നടന്ന സംഭവത്തില്‍ ശാരിക്, സല്‍മാന്‍ എന്നിവരെ അന്ന് രാവിലെയും നൗഷാദ് ഷാരൂഖ് എന്നിവരെ വൈകുന്നേരവുമാണ് അറസ്റ്റ് ചെയ്തത്. ശാരികിന്റെയും സല്‍മാന്റെയും വീടുകള്‍ അതേ ദിവസം തന്നെ പ്രാദേശിക അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. നൗഷാദിന്റെയും ഷാരൂഖിന്റെയും വീടുകള്‍ ജൂണ്‍ 16ന് ആണ് തകര്‍ത്തത്. അനധികൃത നിര്‍മാണം എന്നാരോപിച്ചായിരുന്നു വീട് തകര്‍ക്കല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എപിസിആര്‍ വസ്തുതാന്വേഷണ സംഘം ജൗറ സന്ദര്‍ശിച്ച് ഇരകളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പരിശോധിക്കുകയും ചെയ്തു. ശാരൂഖും സല്‍മാനും കൂലിത്തൊഴിലാളികളായിരുന്നു. രാത്രിയില്‍ മറ്റു ചില്ലറ ജോലികളും ചെയ്യുമായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും ചായ കുടിക്കാന്‍ വേണ്ടി പുറത്തു പോവുകയും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
APCR Madhyapradesh jawra

പോലീസിന്റെ അവകാശവാദത്തില്‍ വൈരുധ്യങ്ങളുണ്ടെന്ന് എപിസിആര്‍ പ്രതിനിധി സായിദ് പത്താന്‍ പറഞ്ഞു. പ്രതികള്‍ ക്ഷേത്രത്തിലേക്ക് പശുവിന്റെ തല എറിയുന്നതിന്റെ വീഡിയോ ഉണ്ടെന്നാണ്് പോലീസ് പറയുന്നത്. എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തിലെ ക്യാമറകള്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ തൊട്ടടുത്ത റോഡില്‍ കൂടി നടക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ മാത്രമാണുള്ളത്. റോഡരികിലുള്ള ക്യാമറകളിലാണ് ഇത് പതിഞ്ഞത്. ഈ ഒരു ദൃശ്യം മാത്രം വച്ചാണ് ഇവരെ പ്രതിചേര്‍ത്തതെന്നാണ് ആരോപണം. നാലുപേരും ഇപ്പോള്‍ ഭേറുഗഡ് ജയിലിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനിടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആക്രമിക്കപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി എപിസിആര്‍ വെളിപ്പെടുത്തി.

ശാരൂഖിന്റെയും നൗഷാദിന്റെയും വീടുകള്‍ തകര്‍ക്കുന്നത് തടയാന്‍ എപിസിആര്‍ ഇടപെട്ടിരുന്നു. എന്നാല്‍, പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകര്‍ പെരുന്നാള്‍ ദിനത്തില്‍ ബന്ദ് നടത്തുമെന്ന് ഭീഷണി മുഴക്കി പ്രാദേശിക അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. വീട് പൊളിക്കുന്നതിനെതിരേ സ്റ്റേ തേടി എപിസിആര്‍ പ്രത്യേക കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ജൂണ്‍ 16ന് ഉച്ചയ്ക്ക് 12.30ന് ആണ് വീട് പൊളിക്കുന്നതിനുള്ള നോട്ടീസ് നല്‍കിയത്. 2.30ന് കോടതിയുടെ സ്‌റ്റേ ഓര്‍ഡര്‍ വന്നു. എന്നാല്‍, കോടതി ഉത്തരവിന് കാത്തു നില്‍ക്കാതെ 12.30നും 1.30നും ഇടയില്‍ ധൃതി പിടിച്ച് വീടുകള്‍ തകര്‍ക്കുകയായിരുന്നു. കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന് ഷാരൂഖിന്റെ സഹോദരന്‍ പോലീസിനെ അറിയിച്ചെങ്കിലും കൂട്ടാക്കാന്‍ തയ്യാറായില്ലെന്നും എപിസിആര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.