റിയാദ്: അറബ് രാഷ്ട്രത്തലവൻമാരുടെ 32-ാമത് ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഉച്ചകോടിക്കായി രഷ്ട്രത്തലവന്മാർ ജിദ്ദയിലെത്തുന്നത് തുടരുകയാണ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അസദിനെ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ സ്വീകരിച്ചു. ഒരു പതിറ്റാണ്ടിലധികം അറബ് സഖ്യത്തിന് പുറത്ത് നിർത്തപ്പെട്ട സിറിയൻ പ്രസിഡന്റിനെ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് ക്ഷണിച്ചിരുന്നു. 2011 ൽ അറബ് ലീഗിലെ അംഗത്വം സസ്പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന ഉച്ചകോടിയാണിത്.
|
ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ്, യെമൻ പ്രസിഡന്റ് ഡോ. റശാദ് അൽഅലീമി, മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒൽദ് അൽശൈഖ് അഹ്‌മദ് അൽഗസ്വാനി, ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങി നിരവധി അറബ് നേതാക്കൾ ജിദ്ദയിലെത്തിയിട്ടുണ്ട്. ശേഷിക്കുന്ന നേതാക്കൾ ഇന്ന് എത്തും.
സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, യമൻ, ഇറാൻ വിഷയങ്ങൾ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. അറബ് ഐക്യം ഊഷ്മളമാക്കാനുളള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





