മേഘമല (തമിഴ്നാട്): ജനവാസ മേഖലയിൽ സ്ഥിരമായിറങ്ങി ശല്യമുണ്ടാക്കിയതിനെത്തുടർന്ന് ചിന്നക്കനാലിൽനിന്ന് നാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് തമിഴ്നാടും പൊറുതിമുട്ടുന്നു. തമിഴ്‌നാട്ടിലെ മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാൻ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു.
|
ഇതോടെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി മേഘമലയിൽ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. കൃഷിയിടവും തമിഴ്നാട് വനം വകുപ്പിന്റെ വാഹനവും കഴിഞ്ഞ ദിവസം രാത്രി തകർത്തു. വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. ഇതോടെ വനപാലകർ ആനയെ തുരത്തിയോടിക്കാൻ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകർക്കുകയുമായിരുന്നു. നിലവിൽ വനപാലകരും നാട്ടുകാരും ചേർന്ന് തമിഴ്നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മേഘമലയിലെത്തും. തുടർന്ന് ആനെയ പെരിയാർ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.
തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. അരിക്കൊമ്പൻ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറെക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽനിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്.





