30
Jun 2023
Tue
30 Jun 2023 Tue

ചെന്നൈ: തമിഴ്‌നാട് വനംവകുപ്പ് തേനിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു. ആനയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഉൾക്കാട്ടിലേക്ക് തുറന്നു വിട്ടത്. ഒരുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് വനം വകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ തളച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മണി മുത്താറിൽ അരിക്കൊമ്പനെ തുറന്നുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അവിടെയും തുറന്ന് വിട്ടില്ല. അതേസമയം, അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലും ഹരജി നൽകിയിട്ടുണ്ട്.

ആനയുടെ ആരോഗ്യസ്ഥി തൃപ്തികരമാണ് തമിഴ്നാട് വനം വകുപ്പ് അറിയിക്കുന്നത്. മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടതെന്നും അവർ പറയുന്നു. മയക്കുവെടിയേറ്റ ആന പരിക്കേറ്റതിനെ തുടർന്ന് ഒരു ദിവസം ആനിമൽ ആംബുലൻസിലായിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചത്.

ചിന്നക്കനാലിൽ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 29-നാണ് മയക്കുവെടിവച്ചത്. പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.

ദിവസങ്ങൾക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു.