കാസര്‍കോട്: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ അറുപതോളം പുതിയ കേസുകള്‍ കൂടി. (Around 60 new cases in fashion gold scam involving league leaders) ക്രൈംബ്രാഞ്ച് ആണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
|
168 കേസുകളില്‍ നൂറോളം കേസുകളിലാണ് ഇതുവരെ കുറ്റപത്രം നല്‍കിയത്. ബാക്കി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് പുതിയ കേസുകള്‍.
ഡിസംബര്‍ 31ഓടെ ഫാഷന്‍ ഗോള്‍ഡ് കേസില്‍ മുഴുവന്‍ കുറ്റപത്രവും സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍, പുതിയ പരാതികള്‍ കൂടി വരുന്നതോടെ കേസ് അനന്തമായി നീളും.
ALSO READ: ആറാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വര്‍ഷം കഠിന തടവ്
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് പുറത്തുവന്നതിന്റെ ആദ്യഘട്ടങ്ങളില്‍ കമ്പനി ചെയര്‍മാനും മുന്‍ മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി. ഖമറുദ്ദീന്‍, ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ എന്നിവരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ കേസില്‍നിന്ന് പിന്മാറിയിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കൂടി ഇടപെട്ടായിരുന്നു ഒത്തുതീര്‍പ്പുണ്ടാക്കിയത്. അന്ന് പിന്മാറിയവരാണ് ഇപ്പോഴത്തെ പരാതിക്കാര്‍ എന്നാണറിയുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.
കേസില്‍ ഫാഷന്‍ ഗോള്‍ഡ് സ്വത്തുക്കള്‍ പരാതിക്കാരായ നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ കണ്ടുകെട്ടിയിരുന്നു. ഇത് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് കാത്തിരിക്കെയാണ് പുതിയ പരാതികള്‍ ഉയര്‍ന്നത്. കലക്ടര്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ പരാതിക്കാര്‍ക്ക് നല്‍കാനുള്ള ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതാണ് തീരുമാനം വൈകാന്‍ കാരണം.
സംസ്ഥാനത്തെ കേസന്വേഷണ ചരിത്രത്തില്‍ ഇത്രയും കുറ്റപത്രം ഒരുക്കേണ്ടിവരുന്നത് ആദ്യമായാണ്. 168 കേസുകളുടെ കുറ്റപത്രത്തിന് ഒന്നര ലക്ഷം പേജുകള്‍ വരും. 60 പുതിയ കേസുകള്‍ വന്നതോടെ അത് വര്‍ധിക്കും. ഒരു കുറ്റപത്രത്തിന് 1100 പേജുണ്ട്.
ഒമ്പതുമുതല്‍ 12 വരെ പ്രതികളാണ് എല്ലാ കേസുകളിലുമുള്ളത്. മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മുഹമ്മദ് ഇഷാം, മാനേജര്‍ സൈനുദ്ദീന്‍ എന്നിവര്‍ എല്ലാ കേസുകളിലും പ്രതികളാണ്. 17 ഡയറക്ടര്‍മാരും പ്രതികളാണ്.
ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂരിലും കോഴിക്കോടുമുള്ള ഖമര്‍, നുജൂം, ഫാഷന്‍ ഓര്‍ണമെന്റ്‌സ് എന്നീ കമ്പനികളാണ് മാറിമാറി പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
200 കോടിയോളം രൂപയാണ് നൂറുകണക്കിന് ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചത്. ചന്തേര പൊലീസ് രജിസ്റ്റര്‍ചെയ്ത ആദ്യ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എം.എല്‍.എയായിരിക്കെ എം.സി. ഖമറുദ്ദീനെ 2020 നവംബര്‍ ഏഴിന് അറസ്റ്റ് ചെയ്തതോടെയാണ് കേസ് ചുരുളഴിയുന്നത്. കെടുകാര്യസ്ഥതയും ഡയറക്ടര്‍മാരില്‍ ചിലരുടെ വഴിവിട്ട ഇടപെടലുമൊക്കെ സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു.



