മലപ്പുറം: വിഖ്യാത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി (97) അന്തരിച്ചു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായി കാൻവാസിൽ പകർത്തിയ ജീവിതമാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മരണത്തിലൂടെ ചരിത്രമായത്.
|
1925 സെപ്തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്.
കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങൾ കണ്ട് പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്‌സ് കോളജിലെത്തിച്ചത്. 1960 ൽ മാതൃഭൂമിയിൽ ചേർന്നതോടെയാണ് നമ്പൂതിരി പ്രശസ്തി ആർജിക്കുന്നത്. സമകാലിക മലയാളത്തിലും കലാകൗമുദിയിലും ജോലി ചെയ്തിട്ടുണ്ട്. തകഴി, വികെഎൻ, എംടി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.
സൂപ്പർ സ്റ്റാർ മോഹൻലാൽ അടക്കമുള്ള പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശംസിക്കപ്പെട്ടു.
രാജാ രവിവർമ്മാ പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. മൃണാളിനിയാണ് ഭാര്യ. പരമേശ്വരൻ, വാസുദേവൻ എന്നിവർ മക്കളാണ്.





