27
Apr 2025
Thu
27 Apr 2025 Thu
Asaduddin Owaisi tears up copy of Waqf Bill in Lok Sabha, says the motive of the bill is to insult muslims

ന്യൂഡല്‍ഹി: വഖ്ഫ് (ഭേദഗതി) ബില്ലിനെതിരായ ലോക്‌സഭയിലെ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. പ്രസംഗത്തിന് ശേഷം അദ്ദേഹം ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതീകാത്മക പ്രതിഷേധം അറിയിക്കുകയുംചെയ്തു. ബ്രിട്ടിഷുകാര്‍ക്കെതിരായി ദക്ഷിണാഫ്രിക്കയില്‍ മഹാത്മാഗാന്ധി നടത്തിയ പ്രതിഷേധത്തോട് താരതമ്യം ചെയ്താണ്, ബില്ല് അദ്ദേഹം കീറിയെറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘നിങ്ങള്‍ ചരിത്രം വായിച്ചാല്‍, വെളുത്ത ദക്ഷിണാഫ്രിക്കയുടെ നിയമങ്ങളെക്കുറിച്ച് അദ്ദേഹം (മഹാത്മാഗാന്ധി) പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലാകും. എന്റെ മനസ്സാക്ഷി ഇത് അംഗീകരിക്കുന്നില്ല- ഉവൈസി പറഞ്ഞു. തുടര്‍ന്നാണ് ബില്ല് കീറിയെറിഞ്ഞത്. ഗാന്ധിയെപ്പോലെ, ഞാനും ഈ നിയമം കീറുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരില്‍ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു. ഇതിനെ ഞാന്‍ അപലപിക്കുന്നു, 10 ഭേദഗതികള്‍ അംഗീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

ബില്ല് മുസ്ലിംകളുടെ വിശ്വാസത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഈ ബില്ലിലൂടെ സമുദായങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഈ ബില്ലിലൂടെ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തിനെതിരെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത്. ഈ യുദ്ധം മുസ്ലിംകളുടെ ശരീരങ്ങള്‍ക്കെതിരെയല്ല. മറിച്ച് അവരുടെ സ്വാതന്ത്ര്യം, സാമൂഹിക, വിദ്യാഭ്യാസ പദവി, അവരുടെ പൗരത്വം, മദ്രസകള്‍, മസ്ജിദുകള്‍, ദര്‍ഗകള്‍ എന്നിവയ്‌ക്കെതിരെയാണ്. വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിം നിയന്ത്രണത്തില്‍ നിന്ന് എടുത്തുകളയുക എന്നതാണ് ബില്‍ ലക്ഷ്യമിടുത്. അങ്ങനെ ചെയ്യുന്നതിലൂടെ കൈയേറ്റക്കാരന്‍ ഉടമയാകും, ഒരു മുസ്ലിം അല്ലാത്തയാള്‍ വഖഫ് ബോര്‍ഡിന്റെ ഭരണം നിര്‍വഹിക്കും- അദ്ദേഹം വാദിച്ചു.

അതേസമയം, 14 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ പാസാക്കിയത്. പാര്‍ലമെന്ററി ചട്ടങ്ങളും കീഴ് വഴക്കങ്ങളും മുഴുവന്‍ കാറ്റില്‍ പറത്തിയാണ് വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് പിടിമുറുക്കാനുള്ള വിവാദ വഖഫ് ബില്‍ ലോക്‌സഭയില്‍ അടിച്ചേല്‍പിച്ചത്. ചര്‍ച്ചയില്‍ വഖഫിനെ കുറിച്ചുള്ള അര്‍ധസത്യങ്ങളും വ്യാജ ആരോപണങ്ങളും പ്രതിപക്ഷം പൊളിച്ചടുക്കി. വഖഫ് പിടിച്ചടക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം ഇന്ത്യാ സഖ്യം എപിമാര്‍ സഭയില്‍ ഒറ്റക്കെട്ടായി തുറന്നുകാട്ടി. എന്നാല്‍, എന്‍.ഡി.എ ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണയില്‍ ബില്ല് ലോകസഭ കടക്കുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിര്‍ത്തു.

ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ് വവഴക്കങ്ങളും ഉദ്ധരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ക്രമപ്രശ്‌നത്തിലൂടെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ പരുങ്ങലിലായി.

എവിടെനിന്നാണ് ഈ ബില്‍ എത്തിയതെന്ന് ചോദിച്ചപ്പോള്‍ നാഗ്പൂരില്‍നിന്ന് എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ വിളിച്ചു പറഞ്ഞു. സ്പീക്കറുടെ നിസ്സഹായാവസ്ഥക്കിടെ എഴുന്നേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ചട്ടമോ കീഴ് വഴക്കമോ ചൂണ്ടിക്കാട്ടാനായില്ല.

എന്നാല്‍, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാര്‍ലമെന്റില്‍ കൊണ്ടുവരാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനോട് ബില്‍ അവതരണവുമായി മുന്നോട്ടു പോകാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പിന്നാലെ പ്രേമചന്ദ്രന്‍ ഉന്നയിച്ച ക്രമപ്രശ്‌നം തള്ളുകയാണെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് ബില്‍ അവതരണത്തിന് കളമൊരുങ്ങിയത്.

Asaduddin Owaisi tears up copy of Waqf Bill in Lok Sabha, says the motive of the bill is to insult muslims