21
Sep 2022
Wed
21 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോട് തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെങ്കിലും ഇന്ത്യക്ക് പ്രതീക്ഷയ്ക്കുള്ള വകയുണ്ട്. സാധ്യതയാണെങ്കിലും ഇങ്ങിനെയൊക്കെ സംഭവിച്ചാല്‍ ഇന്ത്യക്കും ഫൈനലിലെത്താമെന്ന് മാത്രം. അത് എങ്ങനെയാണെന്ന് പരിശോധിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ന് നടക്കുന്ന പാകിസ്താന്‍- അഫ്ഗാനിസ്ഥാന്‍ മത്സരമാണ്.

 

പാകിസ്താന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിക്കും. ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാകാന്‍ പാകിസ്താന്‍ പരാജയപ്പെടണം. വന്‍ മാര്‍ജിനില്‍ പാകിസ്താനെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും. എട്ടാം തീയ്യതിയാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ അവസാന മത്സരം. അഫ്ഗാനിസ്ഥാനെതിരെയാണ് ഈ മത്സരം. ഇന്ത്യക്ക് വന്‍ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ ടീമിന്റെ ഫൈനല്‍ സാധ്യതകള്‍ക്ക് വീണ്ടും പ്രതീക്ഷ മുളക്കും. മറ്റൊരു കാര്യം കൂടി സംഭവിക്കേണ്ടതായുണ്ട്. അത് ശ്രീലങ്ക പാകിസ്താനെ തോല്‍പ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റിലേക്ക് കാര്യങ്ങള്‍ എത്തുകയും ഇന്ത്യയുടെ സാധ്യതകള്‍ ഉയരുകയും ചെയ്യും. 

 

ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്താന്‍ അടുത്ത രണ്ട് മത്സരത്തിലും തോല്‍ക്കേണ്ടത് ഇന്ത്യയുടെ ഫൈനല്‍ സാധ്യതയില്‍ പ്രധാനപ്പെട്ടതാണ്. ശ്രീലങ്ക രണ്ട് ജയവും പാകിസ്താന്‍ ഒരു ജയവും നേടിയിട്ടുണ്ട്. പാകിസ്താന്‍ ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യക്കും അഫ്ഗാനിസ്ഥാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാം. കരുത്തരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ രണ്ട് മത്സരവും തോല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഫൈനലില്‍ സീറ്റ് പ്രതീക്ഷ അധികം വേണ്ട. ഭാഗ്യം അത്രമേല്‍ തുണച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനലിലെത്താനാവൂ. നിലവിലെ നിരാശപ്പെടുത്ത പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഫൈനലിലെത്തിയിട്ടും കാര്യമില്ലെന്ന് പറയാം.

 

നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആറു വിക്കറ്റ് ജയവുമായി ശ്രീലങ്ക ഫൈനല്‍ ഏറക്കുറെ ഉറപ്പി.ച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 173. ശ്രീലങ്ക 19.5 ഓവറില്‍ 4ന് 174. സൂപ്പര്‍ ഫോറില്‍ ലങ്കയുടെ രണ്ടാം ജയമാണിത്. 

 

ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെ മറ്റാര്‍ക്കും തകര്‍ത്തടിക്കാനാവാതെ പോയതും ബോളിങ്ങില്‍ തുടക്കത്തില്‍ത്തന്നെ അടിയേറ്റു വാങ്ങിയതുമാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. രോഹിത് 41 പന്തില്‍ 5 ഫോറും 4 സിക്‌സുമടക്കം 72 റണ്‍സെടുത്തു. കെ.എല്‍.രാഹുലിനെയും (6) വിരാട് കോലിയെയും (0) ആദ്യ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ തന്നെ നഷ്ടമായ ശേഷം സൂര്യകുമാര്‍ യാദവാണ് (29 പന്തില്‍ 34) രോഹിത്തിനു കൂട്ടു നല്‍കിയത്. എന്നാല്‍ രോഹിത് പുറത്തായതോടെ സ്‌കോറിങ് വേഗം കുറഞ്ഞ ഇന്ത്യയ്ക്കു പ്രതീക്ഷിച്ച സ്‌കോര്‍ നേടാനായില്ല.

 

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സാണ് ലങ്കയ്ക്കു വേണ്ടിയിരുന്നത്. ബൗണ്ടറികള്‍ വഴങ്ങാതെ അര്‍ഷ്ദീപ് പന്തെറിഞ്ഞെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ ഓടിയെടുത്ത് ലങ്ക ആവേശവിജയത്തിലമര്‍ന്നു. 19ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ 14 റണ്‍സും 18ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ 12 റണ്‍സും വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ചെഹലും (334) അശ്വിനും (132) മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ വിക്കറ്റു വീഴ്ത്തിയത്. 

 

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യ തുടക്കത്തില്‍ തന്നെ തുടരെ ഞെട്ടി. മഹേഷ് തീക്ഷ്ണ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിനു മുന്നില്‍ കെ.എല്‍.രാഹുലിനു (6) നില തെറ്റി. രാഹുല്‍ റിവ്യൂവിനു പോയെങ്കിലും അംപയറുടെ എല്‍ബിഡബ്ലിയു തീരുമാനം നിലനിന്നു. അടുത്ത ഓവറില്‍ നാലാം പന്തില്‍ ഉജ്വലമായൊരു ഇന്‍സ്വിങ്ങറില്‍ ദില്‍ഷന്‍ മധുശങ്ക വിരാട് കോലിയുടെ (0) സ്റ്റംപ് പിഴുതു. ഇന്ത്യ രണ്ടിന് 13. സൂര്യകുമാറിനെ കൂട്ടുപിടിച്ച് രോഹിത് അടിച്ചു കളിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് ചലിച്ചു. രോഹിത് അക്രമിച്ചു കളിച്ചപ്പോള്‍ തന്റെ പതിവുശൈലി വിട്ട് സൂര്യ സ്‌ട്രൈക്ക് കൈമാറി കൂട്ടു നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ നേടിയത് 97 റണ്‍സ്.

 

വാനിന്ദു ഹസരംഗ എറിഞ്ഞ 12ാം ഓവറിലാണ് രോഹിത് ശരിക്കും സംഹാരരൂപം പൂണ്ടത്. 2 സിക്‌സും ഒരു ഫോറുമടക്കം ആ ഓവറില്‍ ഇന്ത്യ നേടിയത് 18 റണ്‍സ്. എന്നാല്‍ ചാമിക കരുണരത്നെയുടെ അടുത്ത ഓവറിലെ രണ്ടാം പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച രോഹിത് സ്വീപ്പര്‍ കവറില്‍ പാത്തും നിസംഗയുടെ കയ്യിലൊതുങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു പൂട്ടു വീണു. പിന്നാലെ ശനകയുടെ പന്തില്‍ അര്‍ധ മനസ്സോടെ അപ്പര്‍ കട്ടിനു ശ്രമിച്ച സൂര്യ തേഡ്മാനില്‍ തീക്ഷ്ണയുടെ കയ്യിലെത്തി.

 

ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും അവസാന വെടിക്കെട്ട് നടത്തുമെന്നു കരുതിയെങ്കിലും ലങ്കന്‍ ബോളര്‍മാര്‍ പിടിച്ചു കെട്ടി. ഇരുവരും നേടിയത് ഒരേ സ്‌കോര്‍ 13 പന്തുകളില്‍ 17. ദീപക് ഹൂഡയും (3) ഭുവനേശ്വര്‍ കുമാറും (0) പെട്ടെന്നു മടങ്ങിയപ്പോള്‍ രവി ബിഷ്‌ണോയിക്കു പകരം ടീമിലെത്തിയ ആര്‍.അശ്വിനാണ് (7 പന്തില്‍ 15) ഇന്ത്യയെ 170 കടത്തിയത്.