17
Sep 2024
Tue
17 Sep 2024 Tue
mob lynching in train

മുംബൈ: ട്രെയ്‌നില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് പേരുടെ ജാമ്യം റെയില്‍വേ കോടതി റദ്ദാക്കി. (Assault on elderly Muslim man on train: Bail granted to three accused cancelled) എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികള്‍ക്കെതിരേ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതിനെ തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഞങ്ങള്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് വീണ്ടും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിച്ചുണ്ട്. ഇതേ തുര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി”- ജിആര്‍പി കമ്മീഷണര്‍ രവീന്ദ്ര ശിസ്‌വേ പറഞ്ഞു.

അഷ്‌റഫ് അലി സെയ്യ്ദ് ഹുസൈന്‍ എന്ന വയോധികനാണ് കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള ദീര്‍ഘദൂര ട്രെയ്‌നില്‍ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക്ക് ബോട്ടിലുകളില്‍ പശുവിറച്ചിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനവും ഭീഷണിയും. അറസ്റ്റിലായ ആകാശ് അഹ്‌വദ്, നിലേശ് അശിറെ, ജയേഷ് മൊഹിതെ എന്നിവരെ പിറ്റേന്ന് തന്നെ ജാമ്യത്തില്‍ വിട്ടിരുന്നു. നിസാര വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തതെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസ് തിരുത്തിയത്.

മുംബൈയില്‍ പോലീസ് യോഗ്യതാ പരീക്ഷയ്ക്ക് പോകുന്ന യുവാക്കളാണ് ഞെട്ടിക്കുന്ന ഈ ആക്രമണത്തിന് മുതിര്‍ന്നതെന്നതാണ് ശ്രദ്ധേയം.

്അന്യായമായ കൂടിച്ചേരല്‍, തെറ്റായി പ്രതിബന്ധം സൃഷ്ടിക്കല്‍, പ്രകോപനപരമായി പെരുമാറല്‍, മനപൂര്‍വ്വം പരിക്കേല്‍പ്പിക്കല്‍, സമാധാന ഭംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ നിസ്സാര വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്. മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാവുന്ന കേസുകളാണിവ.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് 302, 311 വകുപ്പുകള്‍ കൂടി പുതുതായി ചേര്‍ത്തു. തുടര്‍ന്ന് 1 മുതല്‍ 3 വരെ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ രണ്ട് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി മുംബൈ പോലീസ് അറിയിച്ചു.

അഷ്‌റഫ് അലിയെ മുസ്ലിമാണെന്നതിന്റെ പേരിലാണ് തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, ഇക്കാര്യം പോലീസ് അവഗണിച്ചു.

ജല്‍ഗാവ് ജില്ലക്കാരനായ അഷ്‌റഫ് അലി കല്യാണിലുള്ള മകളുടെ അടുത്തേക്ക് യാത്ര ചെയ്യവേയാണ് ഇഗാത്പുരിക്ക് സമീപം വച്ച് സഹയാത്രികര്‍ ആക്രമിച്ചത്. വയോധികന്റെ മുഖത്തും നെഞ്ചിലും വയറ്റിലും ഇടിക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ അക്രമികള്‍ വയോധികന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്യുമെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ വിളിച്ച് വെട്ടി തുണ്ടം തുണ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അക്രമി സംഘം തന്നെയാണ് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അഷ്‌റഫ് അലിയുടെ കൈയില്‍ പോത്തിറച്ചിയാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ പോത്തിറച്ചിക്ക് നിയമവിലക്കില്ല.

വീഡിയോ പുറത്തുവന്നതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് അഷ്‌റഫ് അലിയെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യം നല്‍കുകയും സഹായിക്കുകയും ചെയ്തത്. അഷ്‌റഫ് അലിയും കൂടുംബാംഗങ്ങളും എസ്ഡിപിഐ പ്രവര്‍ത്തകരോടൊപ്പം താനെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.