തെലങ്കാനയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
|
ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണം അവസാന മണിക്കൂറിലെത്തിയതോടെ സംസ്ഥാനത്ത് വിവിഐപി പട തന്നെ എത്തിയിട്ടുണ്ട്. ഇതോടൊപ്പം ആരോപണ, പ്രത്യാരോപണങ്ങളും സജീവമായി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ജെപി നഡ്ഡ, യോഗി ആദിത്യനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തുടങ്ങിയവരും പ്രചാരണരംഗത്ത് സജീവമാണ്.
ബൈക്ക് റാലി ഉള്‍പ്പെടെ എല്ലാ പ്രചരണ സംവിധാനങ്ങളും ഇന്ന് 5 മണി വരെ സജീവമായി ഉണ്ടാകും. മറ്റന്നാള്‍ ആണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്ന ബി.ആര്.എസിന് വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പ്രചാരണരംഗത്ത് സജീവമാണെങ്കിലും ബിജെപി വലിയ ഓളം ഉണ്ടാക്കല്ലെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബി.ആര്.എസിനും വെല്ലുവിളിയായി ചെറുപാര്‍ട്ടികളും രംഗത്തുണ്ട്. 50 സീറ്റുകളിലെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് ചെറുകക്ഷികളാകും. മായാവതിയുടെ ബി.എസ്.പി 111 സീറ്റിലും സി.പി.എം 19 ഇടത്തും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഒന്‍പതിടത്തും മത്സരിക്കുന്നുണ്ട്. ഇത് 2018ലെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടാക്കാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍.
തെലങ്കാനക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്, മിസോറം, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഞായറാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.





