21
Sep 2022
Thu
21 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാഥ്രസിൽ സവർണരാൽ കൂട്ടബലാൽസം​ഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകവെ യുപി പൊലീസ് അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച കാംപസ് ഫ്രണ്ട് നേതാവ് അതീഖുർ റഹ്മാന് തുടർ ചികിൽസ നൽകാതെ ജയിലിലേക്ക് തിരിച്ചയച്ചു. ഹൃദയവാൽവുകൾ തുറന്നിരി നേരിടുന്ന അതീഖുർ റഹ്മാനെ അടുത്തിടെ എയിംസിൽ ഓപൺ ഹാർട്ട് സർജറിക്കു വിധേയനാക്കിയിരുന്നു. ഇതിന്റെ തുടർചികിൽസ ജയിൽ അധികൃതർ നൽകാത്തതിനെ തുടർന്ന് അതീഖുർ റഹ്മാന്റെ വലതുകൈയുടെയും വലതുകാലിന്റെയും ചലനശേഷി നഷ്ടമായിരിക്കുകയാണ്.

 

എയിംസിൽ എത്തിച്ച് തുടർചികിൽസ ഒരുക്കണമെന്ന് അപേക്ഷിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹത്തിന‍്റെ സഹോദരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ​ഗുരുതരാവസ്ഥയിലായ അതീഖുർ റഹ്മാനെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഹൃദ്രോ​ഗവിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2007 മുതൽ എയിംസിൽ ചികിൽസ തേടിവരികയാണ് അതീഖുർ റഹ്മാൻ. 

 

കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അതീഖുർ റഹ്മാനെ ന്യൂറോളജി വിഭാ​ഗത്തിലേക്ക് റഫർ ചെയ്തിരുന്നുവെന്നും എന്നാൽ അതിനു തയ്യാറാവാതെ ജയിലിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മതീൻ പറഞ്ഞു. ജയിൽ അധികൃതരാണ് അതീഖുർറഹ്മാന്റെ നിലവിലെ അവസ്ഥയ്ക്കു കാരണക്കാർ. ​ഹൃദ്രോ​ഗത്തിന് കഴിക്കുന്ന മരുന്ന് ജയിൽ അധികൃതർ നൽകുന്നില്ലെന്നാണ് അതീഖുർ റഹ്മാൻ തന്നോട് പറഞ്ഞതെന്നും മതീൻ വെളിപ്പെടുത്തി.

 

അതീഖുർ റഹ്മാന്റെ തലച്ചോറിലേക്കുള്ള ഞരമ്പുകൾ വരണ്ടിരിക്കുകയാണ്. അവന് ഞങ്ങളെയാരെയും തിരിച്ചറിയാനാവുന്നില്ലെന്നും അടിയന്തരമായി ചികിൽസ വേണമെന്നും മതീൻ പറയുന്നു. എത്രയും വേ​ഗം അതീഖുർ റഹ്മാനെ ന്യൂറോളജി വിഭാ​ഗത്തിൽ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം അധികൃതരോട് അപേക്ഷിച്ചു. 

 

കിങ് ജോർജ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വകുപ്പ് ഡോക്ടർമാർ അതീഖുർ റഹ്മാനെ പരിശോധിക്കുകയും ഹൃദയസംബന്ധമായി കുഴപ്പങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ന്യൂറോജളി വകുപ്പിലേക്ക് റഫർ ചെയ്യുകയാണ് അവർ ചെയ്തതെന്നും അതീഖുർ റഹ്മാന്റെ അഭിഭാഷകനായ സെയ്ഫാൻ ശൈഖ് പറഞ്ഞു. എന്നാൽ ഇതിനു തയ്യാറാവാതെ ജയിൽ അധികൃതർ അതീഖുർ റഹ്മാനെ ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതിനിടെ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ അതീഖുർ റഹ്മാനെ അടിയന്തരമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. തന്റെ മനുഷ്യാവകാശം നിർവഹിക്കുക മാത്രമാണ് അതീഖുർ നിർവഹിച്ചതെന്നും ചികിൽസപോലും നിഷേധിച്ച് അധികൃതർ യുവാവിനോട് പകവീട്ടുകയാണ് ചെയ്യുന്നതെന്നും ആംനസ്റ്റി ഇന്ത്യ ചെയർമാൻ ആകർ പട്ടേൽ കുറ്റപ്പെടുത്തി.