02
Apr 2023
Sun
02 Apr 2023 Sun

ലഖ്‌നോ: സമാജ്വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്‌മദും സഹോദരൻ അഷ്‌റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്രാജിൽ കനത്ത ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. സംഘർഷസാധ്യത ഒഴിവാക്കാൻ പ്രയാഗ്രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി 10 മണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇവർക്കു നേരെ വെടിയുതിർത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്‌റഫിനു നേരെയും നിരവധി തവണ വെടിയുതിർത്തു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. ഇവർ 12 റൗണ്ടോളം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.

മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയതെന്നാണ് പറയുന്നത്.

അതേസമയം, കൊലപാതകത്തെ പരോക്ഷമായി ന്യായീകരിച്ച് ഉത്തർപ്രദേശ് മന്ത്രിമാർ രംഗത്തുവന്നു. പാപ പുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തിൽ തന്നെ സംഭവിക്കുന്നു എന്നാണ് ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിങ് ട്വീറ്റ് ചെയ്തത്. കുറ്റകൃത്യം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ഇത് പ്രകൃതിയുടെ തീരുമാനമാണ്. പ്രകൃതിയുടെ തീരുമാനം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ധനമന്ത്രി സുരേഷ് കുമാർ ഖന്നയുടെ പ്രതികരണം. ഇരുവരുടെയും അഭിപ്രായപ്രകടനത്തിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. സ്വതന്ത്ര ദേവ് സിങ്ങിന്റെ ട്വീറ്റിനെതിരെ മുൻ ഐ.എ.എസ് ഓഫിസർ സഞ്ജീവ് ഗുപ്ത പ്രതികരിച്ചതിങ്ങനെയായിരുന്നു, ‘പൊലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും കൊല്ലപ്പെട്ട അതീഖിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ലജ്ജാകരമാണ് ഈ പരാമർശം. ദയവു ചെയ്ത് ഇത്രയും ഗൗരവമുള്ള വിഷയത്തിൽ ബാലിശമായി സംസാരിക്കരുത്. പൊലീസ് മനഃപൂർവം തടഞ്ഞില്ല എന്ന് ആളുകൾ ചിന്തിക്കുന്ന സാഹചര്യമുണ്ടാക്കരുത്. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരിൽനിന്ന് ഇത്തരമൊന്ന് പ്രതീക്ഷിക്കുന്നില്ല. അതീഖ് അഹമ്മദിനെ പോലെയുള്ള ഒരു കൊടുംകുറ്റവാളിക്ക് നിയമ നടപടികളിലൂടെ പരമാവധി ശിക്ഷ ലഭിച്ചിരുന്നെങ്കിൽ ആരും ദുഃഖിക്കില്ലായിരുന്നു’.

ഇതിനിടെ, വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നു പേർ യു.പി പൊലീസ് പിടിയിലായി. ലവ്ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

സംഭവസ്ഥലത്ത് ജില്ല മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രിയുടെ സാന്നിധ്യത്തിൽ പൊലീസ് ഫൊറൻസിക് പരിശോധന നടത്തി.