17
Jul 2023
Thu
17 Jul 2023 Thu

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകന്റെ ഫ്‌ലാറ്റിനു നേരെ ആക്രമണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ നടന്‍ വിനായകന്റെ വീടിനു നേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. വിനായകന്റെ ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയാണ് ആക്രമണം. പൊലീസും ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിനായകന്റെ കുടുംബം അറിയിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിനായകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവം. എറണാകുളം ഡിസിസി ഉള്‍പ്പെടെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ രാത്രിയോടെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവിലെത്തിയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകന്‍ പറഞ്ഞത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.