പാലക്കാട്: പാലക്കാട് നഗരസഭാ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ എസ്.പി. അച്യുതാനന്ദന്റെ വീട് ആക്രമിച്ച സംഭവത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പിടിയില്‍. (Attack on house of BJP leader who supported Shobha Surendran; Yuva Morcha activists arrested) യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിയടക്കം അഞ്ച് പേരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി പാലക്കാട് മണലി ലക്ഷ്മി ഗാര്‍ഡന്‍സില്‍ ആര്‍. രാഹുല്‍ (22), തേങ്കുറിശ്ശി സ്വദേശികളായ അജീഷ് (22), സീന പ്രസാദ് (25), അനുജുന്‍ (25), കല്ലേപ്പുള്ളി സ്വദേശി അജീഷ് കുമാര്‍ (26) എന്നിവരാണ് പിടിയിലായത്.
|
രാഹുലാണ് സംഘം വന്ന കാര്‍ ഓടിച്ചതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. ബി.ജെ.പി മുന്‍ സംസ്ഥാന പ്രഫഷനല്‍ സെല്‍ കണ്‍വീനറും മണ്ഡലം കമ്മിറ്റി അംഗവുമായ അച്യുതാനന്ദന്റെ കുന്നത്തൂര്‍മേട് എ.ആര്‍ മേനോന്‍ കോളനിയിലെ വീടിന്റെ ജനല്‍ ചില്ലുകളും കാറിന്റെ ചില്ലുകളും കുപ്പിയെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
അച്യുതാനന്ദന്‍ നിലവില്‍ ഔദ്യോഗിക ഭാരവാഹിയല്ല. ശോഭാ സുരേന്ദ്രനെ അനുകൂലിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തൈ സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തകര്‍ തെറിവിളിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ പ്രസിഡന്റിന് ചിലരയച്ച കത്തിന്റെ തര്‍ജമയും ജില്ലയിലെ നേതാവിനെതിരെ മാധ്യമങ്ങളില്‍ വന്ന അഴിമതി ആരോപണവും അച്യുതാനന്ദന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍, വിഷയം വ്യക്തിപരമാണെന്നും രാഷ്ട്രീയവും വിഭാഗീയതയും തേടിപ്പോകേണ്ടതില്ലെന്നുമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം.


