|
തൃശൂർ: മാളയിൽ ഒരേ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി രണ്ട് സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സാത്താൻ എന്ന് വിളിക്കപ്പെടുന്ന അനീഷ് അറസ്റ്റിൽ. മാള പള്ളിപ്രം സ്വദേശിയായ അനീഷിനെ പൊലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു. ഒളിവിൽ കഴിയവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂലൈ 27 രാത്രിയാണ് അനീഷ് രണ്ടു സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയത്. പുത്തൻചിറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിൽ ആണ് അനീഷ് ആദ്യം എത്തിയത്. ജനലിൽ തട്ടിവിളിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ ചവിട്ടിത്തുറന്ന് ബലമായി കടന്നുപിടിച്ചു. സ്ത്രീയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. ഇതോടെ പ്രതി ബൈക്കുമായി സ്ഥലം വിട്ടു.
അന്ന് രാത്രി രണ്ട് കിലോമീറ്റർ മാറിയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയിൽ നിൽക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മൽപ്പിടുത്തത്തിനിടയിൽ അനീഷിന്റെ കൈവിരലിനും പരിക്കേറ്റു. ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരുന്നു. പ്രതി പോയതിനു ശേഷമാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്.
സംഭവത്തിനു ശേഷം നാടുവിട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്നത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ എറണാകുളത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.



