കൊല്ലം: പാലരുവി എക്പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പിടിയിലായത് യാത്രക്കാരിയുടെ സമയോചിത ഇടപെടലിലൂടെ. കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ നിര്‍ണായകമായത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി ഡാനിഷിനെ പുനലൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
|
പുനലൂര്‍-ചെങ്കോട്ട യാത്രയ്ക്കിടയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മുത്തച്ഛനോടൊപ്പം തീര്‍ഥാടനത്തിന് പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പീഡനശ്രമം നടന്നത്.
അമ്മയുടെ ചികിത്സയ്ക്കായി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു വീണ. ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ പ്രതിയുടെ പെരുമാറ്റം സംശയകരമായിരുന്നുവെന്ന് വീണ പറഞ്ഞു. ‘രാത്രി ഉറങ്ങുന്ന സമയത്ത് അയാള്‍ ശല്യപ്പെടുത്തി. ഇതോടെ ഉറക്കം മതിയാക്കി അയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഈ സമയത്താണ് അയാള്‍ തൊട്ടപ്പുറത്തേക്ക് പോയി തറയില്‍ ബന്ധുക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു ഒരു കുഞ്ഞിനെ എടുത്ത് കൊണ്ടുവന്ന് മടിയിലിരുത്തിയത്. സ്വന്തം മകളെപ്പോലെയാണ് അയാള്‍ പെരുമാറിയത്. എന്നാലും സംശയം തോന്നിയപ്പോള്‍ മൊബൈല്‍ എടുത്ത് വിഡിയോ പകര്‍ത്തി. അടുത്ത് ഇരുന്ന ഒരാളോട് ഇത് അയാളുടെ മകളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്ന് പറഞ്ഞു. എന്നാല്‍ അയാളും കാര്യമായി ഒന്നും പ്രതികരിച്ചില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്ന സമയത്ത് ചാടി എഴുന്നേറ്റ് അയാളോട് ബഹളം ഉണ്ടാക്കി. തന്റെ ബന്ധുവാണെന്ന് നുണ പറഞ്ഞെങ്കിലും എല്ലാവരും ബഹളം കേട്ട് ഉണര്‍ന്നു. മാതാപിതാക്കളെയും വിളിച്ചുണര്‍ത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തി. പ്രതി ദേഷ്യപ്പെട്ടപ്പോള്‍ താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അയാള്‍ക്ക് കാണിച്ചു കൊടുക്കുകയും മുഖത്തടിക്കുകയും ചെയ്തു. അപ്പോഴേക്കും എല്ലാവരും എത്തുകയും ഇടപെടുകയും ചെയ്തു. ആ നിമിഷം ഞാന്‍ പ്രതികരിച്ചത് കൊണ്ടുമാത്രമാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. അല്ലെങ്കില്‍ നാളെ വേറെ എന്തെങ്കിലും വാര്‍ത്ത കേള്‍ക്കേണ്ടി വരുമായിരുന്നു.’.വീണ മീഡിയവണിനോട് പറഞ്ഞു.
പീഡനശ്രമം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീണ വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയും പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പുനലൂര്‍ റെയില്‍വേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എല്ലാവരും ഉറങ്ങിക്കിടന്നിരുന്ന സമയത്ത് വീണ കാണിച്ച ധൈര്യവും ജാഗ്രതയുമാണ് പ്രതിയെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ചത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു ഈ അതിക്രമം നടന്നത്.


