21
Sep 2022
Mon
21 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

16കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി അധികൃതർ. അറസ്റ്റിലായ ആറു പ്രതികളിൽ മൂന്നു പേരുടെ വീടുകളാണ് പൊളിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലയിൽ നയ്​ഗർഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശസ്തമായ അഷ്ടഭുജി മാതാ ക്ഷേത്രത്തിന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.

 

ഇന്ന് രാവിലെയാണ് പൊലീസും ജില്ലാ ഭരണകൂടവും ബുൾഡോസറുമായി പ്രതികളുടെ വീട്ടിലെത്തിയത്. തുടർന്ന് ഇടിച്ചുനിരത്തുകയായിരുന്നു. മറ്റ് മൂന്ന് പ്രതികൾ താമസിക്കുന്ന സ്ഥലവും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ശേഷം അവരുടെ വീടുകളും പൊളിക്കുമെന്നും എഎസ്പി അനിൽ സോങ്കർ പറഞ്ഞു.

 

ക്ഷേത്രത്തിലേക്കു പോയ പെൺകുട്ടിയെ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേർ ചേർന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവം പെൺകുട്ടി വീട്ടുകാരോട് പറ‍ഞ്ഞെങ്കിലും മാനഹാനി ഭയന്ന് ആദ്യം പരാതി നൽകാൻ അവർ മടിച്ചു.

 

സംഭവം അറിഞ്ഞ വനിതാ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി കൗൺസിലിങ് നടത്തിയതിന് ശേഷമാണ് പരാതി നൽകാൻ കുടുംബം തയാറായത്. 24 മണിക്കൂറിനുള്ളിൽ തന്നെ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ആറാമനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

പ്രതികളിൽ മൂന്ന് പേരെ ശനിയാഴ്ച രാത്രി രേവയിൽ നിന്നാണ് പിടിച്ചത്. മറ്റ് രണ്ട് പേരെ ഞായറാഴ്ച വൈകീട്ട് മുംബൈയിൽ നിന്നും പിടികൂടിയതായി എസ്പി നവനീത് ഭാസിൻ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി അപകടനില തരണം ചെയ്തു.

 

പ്രതികൾക്കെതിരെ ഐപിസി 376 (ബലാത്സം​​ഗം), 395 (കവർച്ച), 506 (ഭീഷണിപ്പെടുത്തൽ) എന്നിവയും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും എസ്.പി അറിയിച്ചു.