02
Aug 2023
Thu
02 Aug 2023 Thu

യു.പി: നിസ്‌കരിക്കാന്‍ ബസ് നിര്‍ത്തിയതിന് സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍ ജീവനൊടുക്കിയതില്‍ ട്വിസ്റ്റ്; ബസ് നിര്‍ത്തിയത് കണ്ടക്ടര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: മുസ്ലിം യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ ബസ് നിര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കണ്ടക്ടര്‍ മോഹിത് യാദവ് ജീവനൊടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ്. ബസ് നിര്‍ത്തിയത് നിസ്‌കരിക്കാനായിരുന്നില്ലെന്നും മോഹിതിന് ശുചിമുറിയില്‍ പോകാനായിരുന്നു ബസ് നിര്‍ത്തിയതെന്നും ഈ സമയത്ത് രണ്ടുപേര്‍ നിസ്‌കരിക്കുകയായിരുന്നുവെന്നും സഹോദരന്‍ രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മുസ്ലിം യാത്രക്കാര്‍ നിസ്‌കരിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ദൃശ്യം വൈലായതോടെ രണ്ടുമാസം മുമ്പാണ് മോഹിത് യാദവിനെയും ഡ്രൈവര്‍ കെ.പി സിങ്ങിനെയും സസ്‌പെന്‍ഡ് ചെയ്തത്.

മോഹിത് യാദവിനെ കഴിഞ്ഞദിവസമാണ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത് വിവാദമായതോടെയാണ് വിഷയത്തില്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തുവന്നത്. മെയിന്‍പുരിയിലെ നഗ്ല ഖുഷാലി സ്വദേശിയായ മോഹിതിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ജോലി പോയ ശേഷം ഭര്‍ത്താവ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ഭാര്യ റിങ്കി പറഞ്ഞു. വലിയ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഭര്‍ത്താവ്. വരുമാനം നിലച്ചതോടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും കഷ്ടപ്പെടുകയായിരുന്നു ഞങ്ങള്‍. ജോലി തിരികെലഭിക്കുന്നതിനും തന്റെ ഭാഗം വിശദീകരിക്കുന്നതിനും യു.പി.എസ്.ആര്‍.ടി.സി ബറേലി റീജ്യനല്‍ മാനേജര്‍ ദീപക് ചൗധരിയെ കാണാന്‍ അവസരം ചോദിച്ചെങ്കിലും അദ്ദേഹം തള്ളുകയായിരുന്നു. കടുത്ത വിഷമത്തിലായ മോഹിത് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ചാടാന്‍ ശ്രമിച്ചെങ്കിലും താന്‍ തടയുകയായിരുന്നുവെന്നും റിങ്കി പറഞ്ഞു.

മോഹിത്തിന്റെ മരണത്തിന്റെ ഉത്തരവാദി യു.പി.എസ്.ആര്‍.ടി.സി ബറേലി റീജ്യനല്‍ മാനേജരായ ദീപക് ചൗധരിയാണെന്ന് അച്ഛന്‍ രാജേന്ദ്രന്‍ ആരോപിച്ചു. ഫലിതപ്രിയനായ മോഹിത്ത് സസ്‌പെന്‍ഷന് ശേഷം മിണ്ടാതായി. മകളുടെ വിവാഹം ഈ വര്‍ഷം നടക്കാനിരിക്കുകയായിരുന്നു. ഇനി അത് എങ്ങിനെ നടക്കുമെന്ന് അറിയില്ലെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു,