24
Jan 2026
Sat
24 Jan 2026 Sat
AYODHYA NON VEG FOOD

Ayodhya Bans Delivery Of Non Veg Food അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം (Non veg) വിതരണം ചെയ്യുന്നത് ജില്ലാ ഭരണകൂടം വെള്ളിയാഴ്ച നിരോധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പഞ്ചകോശി പരിക്രമ’ പാതയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ സസ്യാഹാരേതര വിഭവങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ്

അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും അതിഥികള്‍ക്ക് മാംസാഹാരവും മദ്യവും വിളമ്പുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.

ALSO READ: അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ വിജയിച്ച് സ്വതന്ത്ര മുസ്‌ലിം സ്ഥാനാർഥി; ബിജെപി മൂന്നാമത്

അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റര്‍ വരുന്ന ‘രാം പഥില്‍’ മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് 2025 മെയ് മാസത്തില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, കഴിഞ്ഞ ഒമ്പത് മാസമായി മദ്യവില്‍പ്പന നിരോധനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലെന്നും ഈ പാതയില്‍ ഇപ്പോഴും ഇരുപതിലധികം മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

എന്നാല്‍, രാം പഥിലെ മാംസക്കടകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മദ്യഷാപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്നും മുനിസിപ്പല്‍ ഓഫീസര്‍ അറിയിച്ചു.

നിരോധനം നിലനില്‍ക്കെത്തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിനോദസഞ്ചാരികള്‍ക്ക് സസ്യാഹാരേതര ഭക്ഷണം എത്തിക്കുന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ മണിക് ചന്ദ്ര സിംഗ് പറഞ്ഞു. ‘എല്ലാ ഹോട്ടലുകള്‍ക്കും കടയുടമകള്‍ക്കും ഡെലിവറി കമ്പനികള്‍ക്കും വിവരം നല്‍കിയിട്ടുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരന്തരമായ നിരീക്ഷണം നടത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായ തീരുമാനം നേരത്തെ പഞ്ചാബും പ്രഖ്യാപിച്ചിരുന്നു. സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പൂര്‍ണ്ണമായും ‘പുണ്യനഗരി’യായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉള്‍പ്പെടെ നിരോധിച്ചാണ് ഉത്തരവ്. മദ്യം, ഇറച്ചി, മീന്‍, പുകയില, മറ്റുലഹരി വസ്തുക്കള്‍ എന്നിവയ്ക്കാണ് വിലക്ക്.