16
Jun 2023
Mon
16 Jun 2023 Mon

കൊച്ചി: ഇന്ന് പുലർച്ചെ വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി താരവുമായ സുധിയെക്കുറിച്ചുള്ള സഹപ്രവർത്തകനും ഹാസ്യ കലാകാരനുമായ അസീസ് നെടുമങ്ങാടിന്റെ വാക്കുകൾ നൊമ്പരമാകുന്നു. കഷ്ടപാടുകളുടെയും പ്രതിസന്ധിയുടെയും നാളുകൾ സുധി എങ്ങനെ അതിജീവിച്ചുവെന്ന് അസീസ് പറയുന്ന പഴയ വിഡിയോ സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. അസീസിന്റെ വാക്കുകൾ കേട്ട് കൊല്ലം സുധി കണ്ണീർ വാർക്കുന്നതും വീഡിയോയിൽ കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വർഷങ്ങളായി ഏറെ കഷ്ടപ്പെട്ടുവന്ന ആർട്ടിസ്റ്റാണ് താനെന്ന് കൊല്ലം സുധി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അസീസ് നെടുമങ്ങാട് പഴയ അനുഭവം വിവരിച്ചത്. മിന്നും താരം എന്ന ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു ഇരുവരും. കൈയിൽ ബസ് കൂലിക്ക് പൈസയില്ല. കൈക്കുഞ്ഞായ മകനും സുധിക്കൊപ്പമുണ്ടായിരുന്നു. തമ്പാനൂരിൽ പൈസയില്ലാതെ നിൽക്കുന്ന സമയത്ത് എറണാകുളത്തേക്ക് പഴയ ടയർ കൊണ്ടപോകുന്ന ലോറിയിൽ കയറിപറ്റി. ”അകത്ത് ഇരിക്കാൻ സ്ഥമില്ലാത്തതിനാൽ മകനെ കിളിയുടെ കൈയിൽ കൊടുത്തു. ഞാനും സുധി അണ്ണനും പുറകിൽ അടുക്കിവെച്ചിരുന്ന ടയറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്താണ് എറണാകുളത്ത് എത്തിയത്. ആ കഷ്ടപ്പാടിന് ഫസ്റ്റ് കിട്ടി”- അസീസ് നെടുമങ്ങാട് പറയുന്നു.

”മോനും ചേട്ടനും മാത്രമുള്ള സമയം. സുധി ചേട്ടൻ സ്റ്റേജിൽ കയറുമ്പോൾ പുറകിൽ മകനെ എന്നെയാണ് നോക്കാൻ ഏൽപ്പിക്കുക. പിന്നീട് മകൻ വളർന്നപ്പോൾ, രണ്ട് പ്രോഗ്രാം ഉള്ള സമയത്തും രാത്രി ഒരു മണിക്കും രണ്ടുമണിക്കും കർട്ടൻ പിടിക്കാൻ മകൻ ഉണ്ടാകും”- അസീസ് പറയുമ്പോൾ കണ്ണീർ വാർക്കുന്ന കൊല്ലം സുധിയെയും വീഡിയോയിൽ കാണാം.

പല ഹാസ്യകലാകാരന്മാരുടെ ജീവിതത്തിന് സമാനമായ ജീവിത കഥയായിരുന്നു കൊല്ലം സുധിയുടേതും. ഏറെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് എത്തിയത്. 16-17 വയസ്സിൽ തുടങ്ങിയതാണ് സുധിയുടെ കലാജീവിതം. തുടക്കം പാട്ടിലൂടെയായിരുന്നു. പിന്നീട് മിമിക്രിയിലേക്ക് വഴിമാറി. നിരവധി ട്രൂപ്പുകളിലായി കേരളത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളിൽ മിമിക്രി അവതരിപ്പിച്ചു.

സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരിതങ്ങൾ പലപ്പോഴായി താരം തുറന്നുപറഞ്ഞിരുന്നു. ആദ്യ ഭാര്യ പിണങ്ങിപ്പോയത് മുതൽ കൊറോണ സമയത്ത് നേരിട്ട വിവാദങ്ങളിൽ വരെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് കൊല്ലം സുധി മറച്ച് വെക്കാതെ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ഒരു ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നാണ് ആദ്യ വിവാഹത്തിലെ തകർച്ചയെ കുറിച്ച് സുധി കൊല്ലം വ്യക്തമാക്കിയത്. പ്രണയ വിവാഹമായിരുന്നു അത്. ഒരു കുഞ്ഞും പിറന്നു. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല.

ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്.’ എന്നായിരുന്നു സുധി ആദ്യ ഭാര്യയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് താനും മകനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ച് പിടിച്ചത്.

ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നും ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ചേർത്തു പിടിച്ചുകൊണ്ട് സുധി അന്ന് പറഞ്ഞു. രേണുവിന് മൂത്തമകൻ രാഹുലിനെ ജീവനാണ്. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകൻ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിക്കുന്നത്. അന്ന് മുതൽ എന്റെ മകൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.”- വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ കൊല്ലം സുധി പറയുന്നു.