|
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരായ ഹരജിയുടെ സാധുത ചോദ്യംചെയ്ത് സി.ബി.ഐ അലഹാബാദ് ഹൈക്കോടതിയിൽ. മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ പ്രധാന ഹരജിക്കാരനും പള്ളി തകർക്കുന്നതിന് സാക്ഷ്യംവഹിക്കുകയും ചെയ്ത ഹാജി മഹ്ബൂബ്, സയ്യിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരുടെ ഹരജിയെയാണ് കേസ് അന്വേഷിച്ച സി.ബി.ഐ ചോദ്യംചെയ്യുന്നത്. ഇവരുടെ പുനപ്പരിശോധനാ ഹരജികൾക്കൊപ്പമാവും സി.ബി.ഐയുടെ അപ്പീലും പരിഗണിക്കുക. ജഡ്ജിമാരായ രമേശ് സിൻഹയും റെന്നു അഗർവാളും അടങ്ങുന്ന ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കേസ് ഈ മാസം 26ന് പരിഗണിക്കും.
പുനപ്പരിശോധനാ ഹരജി തിങ്കളാഴ്ച പരിഗണിക്കുന്നതിനിടെ ഹരജികൾ തള്ളണമെന്നും അത് നിലനിൽക്കുന്നതല്ലെന്നും സി.ബി.ഐ അഭിഭാഷകൻ ശിവ് പി. ശുക്ലയും യു.പി സർക്കാരിന് വേണ്ടി ഹാജരായ വിമൽകുമാർ ശ്രീവാസ്തവയും വാദിച്ചു. ഹരജിക്കാർ ഈ സംഭവത്തിൽ ഇരകളല്ലാത്തതിനാൽ അവർക്ക് ഹരജി നൽകാൻ അധികാരമില്ലെന്നും സി.ബി.ഐയും സർക്കാരും വാദിച്ചു.
ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതിചെയ്തിരുന്ന ബാബരി മസ്ജിദ് 1992 ഡിസംബർ ആറിനാണ് കർസേവകർ തകർത്തത്.
2020 സെപ്റ്റംബർ 30ന് അദ്വാനിയുൾപ്പെടെയുള്ളവരെ ഗൂഢാലോചനാകുറ്റത്തിൽ നിന്നൊഴിവാക്കി ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കിയത് പുനപ്പരിശോധിക്കണമെന്ന ഹരജിയാണ് ഹൈക്കോടതിയിലുള്ളത്. യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, സംഘ്പരിവാരിന്റെ പ്രധാനനേതാക്കളായ അശോക് സിംഗാൾ, മുരളീമനോഹർ ജോഷി, സാധ്വി ഋതംഭര, നിത്യഗോപാൽ ദാസ്, വിനയ് സിങ് തുടങ്ങിയ 32 പേരാണ് പ്രതികൾ.
ആദ്യം യു.പി പൊലിസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. മസ്ജിദ് യാദൃശ്ചികമായി തകർക്കപ്പെട്ടതാണെന്നും യാതൊരു ആസൂത്രണമോ ഗൂഢാലോചനയോ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
babri-masjid-case-cbi-objects-to-plea-challenging-acquittal-of-32-accused-persons



