മംഗളൂരു: കർണാടകയിൽ സംഘ്പരിവാർ സംഘടനയായ ബജ്റംഗ്ദൾ പ്രവർത്തകൻ മുസ്‌ലിം യുവതിയെ ബലമായി കൊണ്ടുപോയി ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്തതായി പരാതി. ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കൽ സ്വദേശി പ്രശാന്ത് ഭണ്ഡാരിയാണ് (33) അയൽവാസി ആയിശയെ (19) വിവാഹം ചെയ്ത് അക്ഷത എന്ന് പേരിട്ടത്.
|
ആയിശയുടെ മാതാവ് മൊദിൻബി മകളെ കാണാനില്ലെന്ന് പറഞ്ഞ് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ യുവതിയെയും കൊണ്ട് ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി വിവാഹിതരായെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 30നാണ് മകളേയും വിളിച്ച് പ്രശാന്ത് പോയതെന്ന് പരാതിയിൽ പറഞ്ഞു.
സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ കുപ്രചരണമായ ലൗ ജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പ്രതിഷേധ പരിപാടികളുടെ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് പ്രശാന്ത്. പിങ്കി നവാസ് വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. നവാസിനെ ആക്രമിച്ച കേസിൽ പ്രശാന്തിനെ വധശ്രമക്കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
പ്രശാന്തും യുവതിയും ഹിന്ദു മതാചാരപ്രകാരം മാലകൾ ചാർത്തി വിവാഹിതരായതിന്റെ ചിത്രം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉഡുപ്പി-ദക്ഷിണ കന്നട മേഖല കൺവീനർ ശരൺ പമ്പുവെൽ ഫേസ്ബുക്കിൽ പങ്കുവച്ച് നവദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.





