ഒഡീഷയില്‍ മതപരിവര്‍ത്തനമാരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദളുകാര്‍ പള്ളിയില്‍ കയറി ആക്രമിച്ചു. ബാലസോര്‍ രൂപതയുടെ കീഴിലുള്ള ഫാ. ലിജോ നിരപ്പേല്‍, ഫാ. വി ജോജോ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. എഴുപതോളം വരുന്ന ബജ്‌റംഗ്ദളുകാരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് വൈദികര്‍ വ്യക്തമാക്കി.
|
ബുധനാഴ്ച വൈകീട്ട് ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും. കുര്‍ബാന നടക്കുന്നതിനിടെ ബജ്‌റംഗ്ദളുകാര്‍ പള്ളിക്കുള്ളില്‍ കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വൈദികരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ഇവര്‍ വന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്നും ഈ സമയം ഇവിടെയുണ്ടായിരുന്ന സിസ്റ്റല്‍ എല്‍സി പറഞ്ഞു. ഇവിടെയുണ്ടായിരുന്ന സ്ത്രീകടക്കമുള്ളവര്‍ അഭ്യര്‍ഥിച്ചിട്ടും ആക്രമണം അവസാനിപ്പിച്ചില്ലെന്നും വൈദികരും കന്യാസ്ത്രീകളും വ്യക്തമാക്കി.
വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നുവെന്ന് ഫാ. ലിജോ പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ പിടിച്ചുവച്ചിരിക്കുന്നതായി പോലീസിനോടു തങ്ങള്‍ പരാതിപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് തങ്ങളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോന്നതിനാലാണ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കും ജാമ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





