ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ബജ്‌റംഗ്ദളുകാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തടഞ്ഞുവച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലടച്ച രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം നല്‍കി. നേരത്തേ രണ്ട് തവണ ഇരുവര്‍ക്കും കോടതി ജാമ്യം നിരസിച്ചിരുന്നു. ഇന്ന് എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കുകയായിരുന്നു. കോടതിയില്‍ നിന്നുള്ള ഉത്തരവ് ജയിലില്‍ എത്തിയ ശേഷമാവും ഇരുവരും മോചിതരാവുക.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.
|
ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറാകാതെയാണ് ബജ്റംഗ്ദള്‍ സമ്മര്‍ദ്ദത്തില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു.
ALSO READ: ഛത്തീസ്ഗഡില്‍ ബജ്‌റംഗ്ദളുകാര്‍ അറസ്റ്റ് ചെയ്യിപ്പിച്ച മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





