വയനാട്ടിലെ വിവിധ പള്ളികളില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പോലീസ് നോട്ടീസ്. (Ban of loudspeakers at mosques in Wayanad) വയനാട് കോറോം മുതല്‍ വെള്ളമുണ്ട വരെയുള്ള വിവിധ പള്ളികളില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
|
മീത്തല്‍ തരുവണയിലെ മസ്ജിദിലും വെള്ളമുണ്ട സലഫി മസ്ജിദിലും വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയുടെ പേരിലാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത. ഹൈക്കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കോളാമ്പി മൈക്കുകള്‍ ആണ് പള്ളിയില്‍ ഉപയോഗിക്കുന്നതെന്നും പ്രസ്തുത മൈക്കുകള്‍ നോട്ടീസ് കൈപ്പറ്റി എത്രയും പെട്ടെന്ന് എടുത്തു മാറ്റേണ്ടതാണെന്നും നോട്ടീസില്‍ പറയുന്നു. അല്ലാത്ത പക്ഷം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതാണെന്ന മുന്നറിയിപ്പുമുണ്ട്.
പള്ളികള്‍ക്കു പുറമേ മറ്റ് ആരാധനാലയങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചതായാണ് അറിയുന്നത്. എന്നാല്‍, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് അമിതാവേശം കാണിക്കുകയാണെന്നുമാണ് ആരോപണം.
സംഘപരിവാര പ്രചാരണം
സംഘപരിവാര സംഘടനകള്‍ കാലങ്ങളായി പള്ളികളിലെ ബാങ്ക് വിളിക്കെതിരേ പ്രചാരണം നടത്തുന്നുണ്ട്. മൈക്കിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് പല കോടതികളിലും പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
2023 നവംബറില്‍ ബജ്‌റംഗ് ദള്‍ നേതാവ് നല്‍കിയ ഇത്തരത്തിലുള്ള ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള പൊതുതാല്‍പര്യ ഹരജികള്‍ പ്രോല്‍സാഹിപ്പിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.
പള്ളികളിലെ ബാങ്ക് വിളി കാലങ്ങളായി നടക്കുന്നതാണ്. നാലോ അഞ്ചോ മിനിറ്റ് നേരത്തെ ബാങ്ക് വിളി എങ്ങിനെയാണ് ശബ്ദ മലിനീകരണവും ആരോഗ്യത്തിന് പ്രശ്‌നവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. രാവിലെ 3 മണി മുതല്‍ ചെണ്ടയുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആരതി ശബ്ദശല്യം സൃഷ്ടിക്കുന്നില്ലേ എന്ന മറുചോദ്യവും കോടതി ഉന്നയിച്ചു.
നേരത്തേ സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഇത് സംബന്ധമായ ഉത്തരവിലും പള്ളികളില്‍ ബാങ്ക് വിളിക്ക് ഇളവ് അനുവദിച്ചിരുന്നു. ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും പള്ളികളും ബോക്‌സ് ടൈപ്പ് സ്പീക്കറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും എന്നാല്‍, ഏതാനും മിനിറ്റുകള്‍ മാത്രമുള്ള ബാങ്ക് വിളിക്ക് ഇതില്‍ ഇളവുണ്ടെന്നും 1993ല്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഒപ്പുവച്ച് ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.


