ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭവും പ്രധാനമന്ത്രിയുടെ രാജിയും നാടുവിടലുംമൂലം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍ നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള 15 അംഗ ഉപദേശകസമിതി ഇന്ന് വൈകിട്ട് എട്ടുമണിക്കാണ് സത്യപ്രതിജ്ഞ ചൊല്ലുക. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിനെത്തുടര്‍ന്ന് ഇടക്കാലഭരണത്തിന്റെ ചുമതലയുള്ള സൈനികമേധാവി ജനറല്‍ വഖാറുസ്സമാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് സന്ദര്‍ശനത്തിലായിരുന്ന യൂനുസ് നാട്ടിലെത്തിയിട്ടുണ്ട്.
|
മനോഹരമായ ജനാധിപത്യ പ്രക്രിയയിലൂടെ ബംഗ്ലാദേശിനെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും രാജ്യത്തെ പൗരന്‍മര്‍ക്കെല്ലാം ഇതില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ജനറല്‍ വഖാറുസ്സമാന്‍ പറഞ്ഞു. പുതിയ ഇടക്കാല സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ചുമതലയാകും യൂനുസ് വഹിക്കുകയെങ്കിലും സാങ്കേതികമായി ‘മുഖ്യ ഉപദേഷ്ടാവ്’ എന്ന പദവിയിലായിരിക്കും അദ്ദേഹം അറിയപ്പെടുക. 84 കാരനായ യൂനുസിനെ കഴിഞ്ഞദിവസം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.
അതേസമയം തൊഴില്‍നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യൂനുസിനെതിരേ ഷെയ്ഖ് ഹസീനാ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തകില്‍ അദ്ദേഹത്തെ ഇന്നലെ കോടതി കുറ്റവിമുക്തനാക്കി. ഷെയ്ഖ് ഹസീനയുടെ വിമര്‍ശകനായിരുന്ന യൂനുസിനെതിരായ കേസ് രാഷ്ട്രീയപകപോക്കലാണെന്ന് ആംനസ്റ്റി ഉള്‍പ്പെടെയുള്ള രാജ്യാന്തരമനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ, ഷെയ്ഖ് ഹസീന രാജ്യംവിട്ടതിനു പിന്നാലെ അവരുടെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നവരും കൂട്ടമായി നാടുവിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുഹീബുല്‍ ഹസന്‍ ചൗധരി, സഹകരണ മന്ത്രിയായിരുന്ന മുഹമ്മദ് തന്‍സുല്‍ ഇസ്‌ലാം, ധനമന്ത്രിയായിരുന്ന അബ്ദുല്‍ ഹസന്‍ മഹമൂദ് അലി, കായികമന്ത്രി നജ്മുല്‍ ഹസന്‍ പാപൂന്‍ എന്നിവരാണ് നാടുവിട്ടത്. വിമാനത്താവളത്തില്‍വച്ച് വിദേശകാര്യ മന്ത്രിയായിരുന്ന ഹസന്‍ മഹമൂദിനെയും ഐ.ടി മന്ത്രി സുനൈദ് അഹമ്മദ് പലകിനെയും സൈന്യം കസ്റ്റഡിയിലെടുത്തതിനാല്‍ ഇരുവര്‍ക്കും നാടുവിടാനായില്ല. ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. സുപ്രിംകോടതി ജഡ്ജിമാര്‍, ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നേതാക്കളായ മേയര്‍മാര്‍ എന്നിവരും, വിദ്യാര്‍ഥി, യുവജന സംഘടനാ നേതാക്കളും നാടുവിട്ടവരില്‍ ഉള്‍പ്പെടും.
Bangladesh crisis: Muhammad Yunus will be sworn in today


