21
May 2024
Thu
21 May 2024 Thu

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബൊറൂസ്യ ഡോര്‍ട്മുണ്ട് -റയല്‍ മാഡ്രിഡ് പോരാട്ടം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണികിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി റയല്‍ ഫൈനല്‍ ഉറപ്പിച്ചു. പകരക്കാരനായിറങ്ങിയ ഹൊസേലുവാണ് മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് തവണ വലകുലുക്കി റയലിന് ആവേശ ജയം സമ്മാനിച്ചത്. അള്‍ഫോണ്‍സോ ഡേവിസാണ് (68) ബയേണിനായി വലകുലുക്കിയത്. നേരത്തേ പിഎസ്ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുപാദങ്ങളിലുമായി 4- 3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയലിന്റെ ഫൈനല്‍ പ്രവേശനം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ബയേണ്‍ വിജയിക്കുമെന്ന് തോന്നിയ നേരം കളി അവസാനിക്കാനിരിക്കെ മൂന്ന് മിനിറ്റിനുള്ളിലാണ് രണ്ടുഗോളുകളിട്ട് റയല്‍ തിരിച്ചുവരവ് നടത്തിയത്.

68ാം മിനിറ്റില്‍ ബയേണാണ് മുന്നിലെത്തിയത്. അല്‍ഫോണ്‍സോ ഡേവിസാണ് ബയേണിനെ മുന്നിലെത്തിച്ചത്. ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറിയ ഡേവിസ്, റയല്‍ ഗോളി ലുണിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.

87ാം മിനിറ്റില്‍ റയല്‍ സമനില ഗോള്‍ നേടി. വിനീഷ്യസിന്റെ ഷോട്ട് പിടിക്കാന്‍ ശ്രമിച്ച നൂയറിന്റെ കൈകളില്‍ നിന്ന് വീണ പന്ത് ഹൊസേലു പോസ്റ്റില്‍ കയറ്റി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബയേണ്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഹൊസേലു റയലിന്റെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി.

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായ റയലിന്റെ 18ാം ഫൈനല്‍ പ്രവേശമാണിത്. യല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടിയുടെ ആറാം ചാമ്പ്യന്‍സ് ലീഗ് ഫൈനലും.

Bayern Munich’s devastating 2-1 loss to Real Madrid