22
May 2023
Sun
22 May 2023 Sun

ബർലിൻ: ജർമൻ ലീഗായ ബുണ്ടസ് ലിഗയിൽ എതിരാളികളില്ലാതെ ബയേൺ മ്യൂണിക്ക്. കിരീട പോരാട്ടം അവസാന ദിനത്തിലെ അവസാന സെക്കൻഡ് വരെ നീണ്ടുനിന്ന മത്സരത്തിൽ ബൊറൂസ്സിയ ഡോർട്മുൺഡിന്റെ കിരീട സ്വപ്‌നം പൊലിഞ്ഞു. ഇന്നലത്തെ ജയത്തോടെ ബയേൺ മ്യൂണിക്ക് തുടർച്ചയായ 11ാം സീസണിലും ബുണ്ടസ് ലിഗ കിരീടമുയർത്തി. ലീഗിൽ 34 റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരു ടീമിനും 71 പോയന്റായിരുന്നു എന്നാൽ ഗോൾ വ്യത്യാസത്തിൽ മുന്നിലെത്തിയതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. ബയേണിന്റെ 33ാം ബുണ്ടസ് ലിഗ കിരീടമാണിത്. ഇന്നലെ ബൊറൂസ്സിയ വിജയിച്ചിരുന്നുവെങ്കിൽ 10 വർഷത്തിനു ശേഷം ആദ്യമായി ബുണ്ടസ് ലിഗ കിരീടം നേടാമായിരുന്നു ടീം. 2012 മുതലാണ് ബയേൺ കിരീടം നിലനിർത്തിത്തുടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഗിലെ അവസാന മത്സരത്തിൽ എഫ്.സി കൊളോണിനെ 2- 1ന് തോൽപ്പിച്ചാണ് ബയേൺ കിരീടം ചൂടിയത്. മറ്റൊരു നിർണായക മത്സരത്തിൽ ബൊറൂസിയ ഡോർട്മുൺഡ് മെയിൻസിനെതിരേ സമനിലവഴങ്ങിയത് (2- 2) ആണ് ബയേണിനെ തുണച്ചത്. 34 കളിയിൽ ബയേണിനും ഡോർട്മുൺഡിനും തുല്യപോയന്റാണെങ്കിലും (71 വീതം) ഗോൾ വ്യത്യാസത്തിൽ ബയേൺ ജേതാക്കളായി.

കോളോണിനെതിരേ ബയേണിനുവേണ്ടി കിങ്സ്ലി കോമാൻ (എട്ട്), ജമാൽ മുസിയാല (89) എന്നിവർ ഗോളടിച്ചു. കൊളോണിനുവേണ്ടി ഡിയൻ ലുബിസിച്ച് (81 പെനാൽട്ടി) ലക്ഷ്യംകണ്ടു. മെയിൻസിനെതിരേ ഡോർട്മുൺഡിനുവേണ്ടി റാഫേൽ ഗുവേരിറോ (69), നിക്ലാസ് സുലേ (90+6) എന്നിവർ സ്‌കോർ ചെയ്തു. മെയിൻസിനുവേണ്ടി ആന്ദ്രേസ് ഒസ്ലെൻ (15), കരിം ഒനിസിവോ (24) എന്നിവരാണ് ഗോളടിച്ചത്.