ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി നിരോധനത്തിനെതിരേ സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ചു. മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തലവനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജികള്‍ പരിഗണിച്ചത്.
|
കേന്ദ്രം ബിബിസി ഡോക്യുമെന്ററി നിരോധിക്കാനും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇവയുടെ ലിങ്കുകള്‍ നീക്കംചെയ്യിപ്പിച്ചതിനുമെതിരേ രണ്ടു ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയെത്തിയത്. നിരോധനം സംബന്ധിച്ച് കേന്ദ്രം ഔദ്യോഗിക നിര്‍ദേശം പരസ്യപ്പെടുത്തിയിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയ അഭിഭാഷകന്‍ എം എല്‍ ശര്‍മ ഭരണഘടനാവിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരാണ് രണ്ടാമത്തെ ഹരജി നല്‍കിയത്.
ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന പേരില്‍ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി ജനുവരി ഒന്നിനാണ് കേന്ദ്രം യുട്യൂബില്‍ നിന്ന് നീക്കംചെയ്യിപ്പിച്ചത്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ട്വിറ്ററില്‍ നിന്നും നീക്കുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് നിരവധി യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയുണ്ടായി.



