23
Aug 2022
Mon
23 Aug 2022 Mon

കോട്ടയം: സമൂഹത്തിൽ നിലനിൽക്കുന്ന കുടുംബ ഭദ്രതയും ധാർമിക ജീവിതവും ഇല്ലായ്മചെയ്ത്‌ ലൈംഗിക അരാജകത്വം വളർത്താനുള്ള ശ്രമങ്ങൾക്കെതിരേ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ  സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. സദാചാരം, സമൂഹം, പുരോഗമനം എന്ന പ്രമേയത്തിലാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സംസ്ഥാനത്തെ കാംപസുകൾ കേന്ദ്രീകരിച്ചു ചില വിദ്യാർഥി യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരം ആശയ പ്രചാരണം വ്യാപകമായി നടത്തിവരുന്നത്. മതനിരാസവും സ്വതന്ത്ര ചിന്താഗതികളും വളർത്തി ലിബറൽ ജീവിത സംസ്‌കാരം വളർത്തിയെടുക്കാനാണ് ചില വിദ്യാർഥി, യുവജന സംഘടനകൾ ശ്രമിക്കുന്നത്. പ്രകൃതി വിരുദ്ധമായ സ്ത്രീപുരുഷസമത്വവും, ജെൻഡർ ന്യൂട്രൽ ആശയങ്ങളും നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.

 

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം തിരിച്ചറിയപ്പെടാതെ പോകുന്നത് ഉത്തമ സമൂഹ സൃഷ്ടിയെ പ്രതികൂലമായി ബാധിക്കും.
മുസ് ലിം സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ഏകോപന സംവിധാനങ്ങൾ തകർക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള ജാഗ്രത മുസ് ലിം നേതൃത്വം കാണിക്കണമെന്നും ജനജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.

 

ജനജാഗ്രതാ സദസ്‌ വിസ്‌ഡം ഇസ് ലാമിക് യൂത്ത്‌ ഓർഗനൈസേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അൻവർ എടത്തനാട്ടുകര ഉദ്‌ഘാടനംചെയ്‌തു. വിസ്‌ഡം യൂത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.