16
Jun 2023
Fri
16 Jun 2023 Fri

പട്‌ന: ബീഫ് കടത്ത് ആരോപിച്ച് ബലി പെരുന്നാളിന് തൊട്ട് തലേദിവസം രാത്രി മുസ്‌ലിം ട്രക്ക് ഡ്രൈവറെ ഹിന്ദുത്വ ആൾക്കൂട്ടം തല്ലിക്കൊന്നു. ട്രക്ക് ഡ്രൈവറായ മുഹമ്മദ് സഹിറുദ്ദീനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ സരൺ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുകളാണ് മുഹമ്മദ് സഹീറുദ്ദീന്റെ ട്രക്കിലുണ്ടായിരുന്നത്. കന്നുകാലികളുടെ എല്ലിൽ നിന്നാണ് മരുന്ന് നിർമ്മാണത്തിനാവശ്യമായ ജലാറ്റിൻ നിർമിക്കുന്നത്. ഇത് ഉപയോഗിച്ച് ക്യാപ്‌സൂളുകളും സൗന്ദര്യവർധക വസ്തുക്കളും നിർമിക്കാറുണ്ട്. ഇതുമായി പോകുന്നതിനിടെയാണ് സംഭവം.

സരൺ ജില്ലയിലെ ഖോരി പാകർ മേഖലയിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ വാഹനത്തിന് തകരാർ സംഭവിച്ചു. തകരാറ് പരിശോധിക്കുന്നതിനിടെ സഹിറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ട്രക്കിൽ നിന്നും ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് ഇവർ സഹിറുദ്ദീനെ മർദിക്കാനാരംഭിച്ചു. ഈ സമയം സഹിറുദ്ദീന്റെ ഒപ്പമുള്ള സഹായി ഖുർഷിദ് അലി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തിയിട്ടും മർദനം നിർത്താൻ ഹിന്ദുത്വവാദികൾ തയാറായില്ല. എന്നാൽ, കാലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിനാൽ സഹിറുദ്ദീന് രക്ഷപ്പെടാനും സാധിച്ചില്ല. തുടർന്ന് ഖുർഷിദ് അലി, ഫാക്ടറി ഉടമ മുഹമ്മദ് ഹൈദറിനെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം, നിയമപരമായി പ്രവർത്തിക്കുന്ന തന്റെ ഫാക്ടറിയിലേക്ക് കന്നുകാലികളുടെ എല്ലുകൾ കൊണ്ടു വരികയായിരുന്നു സഹിറുദ്ദീനെന്ന് ഉടമ മുഹമ്മദ് ഹൈദർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഹൈദറിന്റെ ഫാക്ടറിക്ക് ലൈസൻസുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാസിക്കിൽ ബീഫ് കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം 32കാരനെ തല്ലിക്കൊന്നിരുന്നു. മുംബൈയിലെ കുർല സ്വദേശിയായ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. കാറിൽ മാംസവുമായി വരികയായിരുന്ന ഇവരെ ഗോരക്ഷാ സേനക്കാർ തടഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക