ഔറംഗാബാദ്: അമ്മാവനുമായുള്ള പ്രണയം മൂത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. (Bihar women kills husband days after wedding) ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം.
|
ബര്‍വാന്‍ സ്വദേശിയായ പ്രിയാന്‍ഷുവാണ് ഭാര്യയുടെ പ്രണയക്കലിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുപതുകാരിയായ ഭാര്യ ഗുഞ്ച ദേവി അറസ്റ്റില്‍.
55 വയസ്സുകാരനായ സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നെന്നും വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളെ വിവാഹം കഴിപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
പതിനഞ്ചു വര്‍ഷത്തോളം പ്രണയിച്ച ഗുഞ്ച സിങും അമ്മാവന്‍ ജീവന്‍ സിങും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇവരുടെ കുടുംബം ഇതിന് സമ്മതിച്ചില്ല. ഇതിനു ശേഷമാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗുഞ്ച പ്രിയാന്‍ഷുവിനെ വിവാഹം ചെയ്തത്. പക്ഷേ, വിവാഹത്തിന് ശേഷവും ഗുഞ്ച അമ്മാവനുമായുള്ള ബന്ധം തുടര്‍ന്നു.
അമ്മാവനോടൊപ്പം ഒരുമിച്ച് ജീവിക്കാനാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ഇതിനായി വാടകക്കൊലയാളികളെയും ഏര്‍പ്പെടുത്തി. ജയ്ശങ്കര്‍ ചൗബേയ്, മുകേഷ് ശര്‍മ എന്നിവരുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
ജൂണ്‍ 25നാണ് പ്രിയാന്‍ഷു കൊല്ലപ്പെട്ടത്. സഹോദരിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് പ്രിയാന്‍ഷുവിനെ വെടിവച്ചു കൊന്നത്. വിവാഹം കഴിഞ്ഞ് നാല്‍പത്തിയഞ്ചാം ദിവസമായിരുന്നു സംഭവം.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ യുവതി ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതു പ്രിയാന്‍ഷുവിന്റെ വീട്ടുകാരില്‍ സംശയമുണ്ടാക്കി. പിന്നാലെയാണ് പൊലീസ് ഗുഞ്ചയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അമ്മാവനുമായി ഗുഞ്ചയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് മനസ്സിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അമ്മാവന്‍ പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് മനസ്സിലായി. കേസില്‍ ഗുഞ്ച ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ജീവന്‍ സിങ്ങിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


