23
Aug 2022
Tue
23 Aug 2022 Tue

ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊല്ലുകയും ചെയ്ത കേസിലെ 11 പ്രതികളെയും ജയില്‍മോചിതരാക്കി. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശപ്രകാരമാണ് പ്രതികളെ ജയില്‍ മോചിതരാക്കിയത്. ഇവര്‍ ഇന്നലെ ഗോധ്ര സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൂട്ടബലാല്‍സംഗം, കൊലപാതകം കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് 2008 ജനുവരി 21ന് സിബിഐ പ്രത്യേക കോടതിയാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബോംബൈ ഹൈക്കോടതിയും പിന്നീട് ഈ ഉത്തരവ് ശരിവച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അതേസമയം അടുത്തിടെ പ്രതികളിലൊരാള്‍ മോചനം തേടി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും തുടര്‍ന്ന് സര്‍ക്കാര്‍ സമിതിക്കു രൂപം നല്‍കുകയും ചെയ്തു. ഈ സമിതി പ്രതികളെയെല്ലാം മോചിപ്പിക്കുന്നതിന് ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയും സര്ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രതികളെയെല്ലാം മോചിപ്പിച്ചതെന്ന് പഞ്ചമഹല്‍സ് ജില്ലാ കലക്ടര്‍ സുജല്‍ മയത്ര പറഞ്ഞു. ജസ്വന്ത് ഭായി നായി, ഗോവിന്ദഭായി നായി, ഷൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായി വോഹാനിയ, പ്രദീപ് മോര്‍ധിയ, ബകബായി വോഹാനിയ, രാജുഭായി സോനി, മിതേഷ് ഭട്ട്, രമേഷ് ചന്ദാന എന്നിവരാണ് മോചിതരായത്.  

 

അതേസമയം നിസ്സാരമായ കുറ്റംചെയ്തതിനു പോലും ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാത്ത മാപ്പാണ് ഹീനമായ കൃത്യം ചെയ്ത ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് ഇരകള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള ആശ നഷ്ടപ്പെടുമെന്നും മനുഷ്യാവകാശ അഭിഭാഷകനായ ഷംസാദ് പത്താന്‍ ചൂണ്ടിക്കാട്ടി. 

 

2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസിന് ദുരൂഹസാഹചര്യത്തില്‍ തീപ്പിടിച്ച് 59 കര്‍സേവകര്‍ മരിച്ചതിനു പിന്നാലെയുണ്ടായ അതിക്രമങ്ങളില്‍ നിന്ന് പലായനം ചെയ്യുമ്പോഴായിരുന്നു ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗ ചെയ്തതും അവരുടെ കുടുംബാംഗങ്ങളായ ഏഴുപേരെ അക്രമികള്‍ വധിച്ചതും. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ആ സമയം ബില്‍ക്കിസ്. ചെറിയ കുട്ടിയെയും മറ്റ് 15 പേരുമായി ഓടിപ്പോവുന്നതിനിടെ ആയുധങ്ങളുമായെത്തിയ മുപ്പതോളം പേര്‍ വരുന്ന അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും ഏഴുപേരെ കൊല്ലുകയുമായിരുന്നു. ആറുപേര്‍ ഓടിരക്ഷപ്പെട്ടു. 

 

സംഭവം വിവാദമായതോടെ സുപ്രിംകോടതിയാണ് പിന്നീട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2004ല്‍ ആണ് പ്രതികളെ അററസ്റ്റ് ചെയ്തത്. അഹമ്മദാബാദില്‍ ആരംഭിച്ച വിചാരണ പിന്നീട് ബില്‍ക്കിസ് ബാനുവിന്റെ അഭ്യര്‍ഥന പ്രകാരം മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. അഹമ്മദാബാദില്‍ താന്‍ സുരക്ഷിതയല്ലെന്ന ബില്‍ക്കിസ് ബാനുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. 

 

11 പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച കോടതി സിബിഐ പ്രത്യേക കോടതി 7 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും മറ്റൊരാള്‍ വിചാരണകാലയളവില്‍ മരിക്കുകയും ചെയ്തു. 2018ലാണ് ബോംബൈ ഹൈക്കോടതി പ്രത്യേക കോടതിയുടെ ഉത്തരവ് ശരിവച്ചത്. 2019 ഏപ്രിലില്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജോലിയും വീടും നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു.