പഞ്ചാരവാക്കുകൾ പറഞ്ഞത് കൊണ്ട് കാര്യമില്ല ബിജെപി നേതാവും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളയെ ഓർമിപ്പിച്ച് സിപിഐ നേതാവ് ബിനോയി വിശ്വം. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനവേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചതിനു പിന്നാലെയാണ് ബിനോയി വിശ്വം ഇതേ വേദിയിൽ ശ്രീധരൻപിള്ളയ്ക്ക് മറുപടി നൽകിയത്.
|
ശ്രീധരൻ പിള്ള ഇവിടെ പറഞ്ഞതല്ല വാസ്തവം. ബഞ്ച് ഓഫ് തൊട്ട്സ് എന്നൊരു പുസ്തകമുണ്ട്. അതിൽ രാഷ്ട്രത്തിന് ഒരു മതമുണ്ട്. അതനുസരിച്ചു ജീവിച്ചാൽ മാത്രം ഇവിടെ ജീവിക്കാം. അല്ലെങ്കിൽ വോട്ടവകാശം ഇല്ലാത്ത പൗരാവകാശം ഇല്ലാത്തവരായി മറ്റു മതസ്ഥർക്ക് ഇവിടെ കഴിയാം. ഇത് മറച്ചു വച്ച് പുറമേക്ക് ചായം തേച്ചു ശ്രീധരൻ പിള്ള പഞ്ചാര വാക്കുകൾ പറഞ്ഞത് കൊണ്ട് കാര്യമില്ല .
അദ്ദേഹം ഇവിടെ വന്ന് സർവ മത സത്യവാദം പറഞ്ഞതുകൊണ്ടായില്ല. 1992 ഡിസംബറിൽ ഒരു ബാബരി തകർത്തതിൽ തീരില്ല. ബാക്കി നിരവധി പള്ളികളുണ്ട്. ഇവിടത്തെ പൗരത്വത്തിന്റെ അടിസ്ഥാനം മതമാക്കി മാറ്റാനുള്ള ബില്ല് പാസ്സാക്കാൻ പോവുകയാണ് . അത് ശ്രീധരൻപിള്ളയ്ക്ക് അറിയാത്തതാണോ എന്നും ബിനോയി വിശ്വം ചോദിച്ചു. ബിജെപി സർക്കാർ ബോധപൂർവം ഒരു ദ്രോഹവും മുസ് ലിംകൾക്ക് ചെയ്തിട്ടില്ലെന്ന് സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.



