16
Jun 2023
Tue
16 Jun 2023 Tue

കൊച്ചി: കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മിമിക്രി താരം ബിനു അടിമാലി വീണ്ടും പൊതുവേദിയില്‍ എത്തി. മിമിക്രി ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ (മാ) ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് ബിനു എത്തിയത്. പരിപാടിയിൽ സുധിയെക്കുറിച്ചുള്ള വാക്കുകൾ പൂർത്തിയാക്കാനാകാതെ ബിനു വിങ്ങിപ്പൊട്ടി. അപകടം നടന്ന ദിവസം ഏറ്റവും കൂടുതൽ ഊർജസ്വലനായി നടന്ന വ്യക്തി കൊല്ലം സുധി ആയിരുന്നു എന്ന് ബിനു അപറയുന്നു. യാത്ര തിരിച്ചപ്പോഴും പരിപാടി കഴിഞ്ഞു മടങ്ങിയപ്പോഴും മരണത്തിലേക്ക് എന്നപോലെ കാറിന്റെ മുൻ സീറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സുധി കണ്മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് ഉറങ്ങാൻ പോലും കഴിയാറില്ലെന്നും ബിനു അടിമാലി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിനു അടിമാലിയുടെ വാക്കുകൾ ഇങ്ങനെ:

”പത്തുപതിനഞ്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ഒന്ന് ചിരിക്കുന്നത്. കാരണം ഞാൻ എത്തിയിരിക്കുന്നത് എന്റെ ‘മാ’ സംഘടനയുടെ പരിപാടിക്കാണ്. ഇതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി സുധി കയറി വരും, അവന്റെ ഓരോ കാര്യങ്ങൾ ഓർത്ത് ഉറങ്ങാൻ പറ്റില്ല. ഇന്ന് എന്റെ കാലിലെ സ്റ്റിച്ച് വെട്ടുന്ന ദിവസമായിരുന്നു അങ്ങനെ ആശുപത്രിയിൽ വന്നതുകൊണ്ടാണ് ഇന്നിവിടെ എത്താൻ കഴിഞ്ഞത്. ഇവിടെ വന്നു എല്ലാവരെയും കണ്ടപ്പോൾ പകുതി സമാധാനം ആയി. നമ്മുടെ സംഘടനയിൽ എത്തുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നമ്മൾ അസുഖമായി വീട്ടിൽ കിടക്കുമ്പോഴാണ് ഇതൊക്കെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത്. എന്റെ വീടിന്റെ പാലുകാച്ചിന് പോലും ഒരു ചലച്ചിത്രതാരവും വന്നിട്ടില്ല, പക്ഷേ ഇപ്പോൾ സുഖമില്ലാതെ കിടന്നപ്പോൾ ഒട്ടുമിക്കവരും വന്നു, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ കിടക്കുമ്പോഴാണ് ആളുകളുടെ വില നമുക്ക് മനസിലാകുന്നത്.

സുധി മരിച്ചപ്പോൾ ഒത്തുകൂടിയ ആളുകളും അയാളോടുള്ള സ്നേഹവും കാണുമ്പോഴാണ് മനസ്സ് നിറയുന്നത്. കൂട്ടുകാർ വരുമ്പോൾ ഞാൻ മനസ്സ് തുറന്നു ചിരിക്കാറുണ്ട്. സുധിയെപ്പറ്റി പറയുകയാണെങ്കിൽ അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോൾ ഇവൻ വണ്ടിയുടെ മുന്നിൽ ഇരിക്കുകയാണ്. ഊണ് കഴിക്കാൻ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചുവരുമ്പോഴും ഇവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ തന്നെ ഇരിന്നു. അത്രയും ഊർജസ്വലനായ ഒരു സുധിയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവം അതാണ്. മിനിറ്റുകൾ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ വലുതാണ്. ഒരു കലാകാരനായി ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തോടും എന്റെ കാരണവന്മാരോടും നന്ദി പറയുന്നു. എന്നെ വിളിച്ച് പ്രോത്സാഹിപ്പിച്ച് ധൈര്യം തന്ന ഈ കൂട്ടായ്മയിലെ എല്ലാവരോടും നന്ദി ഉണ്ട്.”

ഈ മാസം അഞ്ചിന് പുലർച്ചെ നാലരയോടെയാണ് മിമിക്രി പരിപാടിക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്ക് മടങ്ങവെ ദേശീയപാതയിൽ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഉല്ലാസും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കൊല്ലം സുധി മരണമടയുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.