മുംബൈ: ശനിയാഴ്ച രാത്രി ബിരിയാണി കഴിച്ച് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു അവര്‍. പാതിരാത്രിയില്‍ മധുരത്തിനായി തണ്ണിമത്തനും കഴിച്ചു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുംബൈ നഗരത്തെ നടുക്കിയ ഒരു ദുരന്തത്തില്‍, ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങി.
|
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ആക്‌സസറീസ് വ്യാപാരിയായ അബ്ദുള്ള അബ്ദുള്‍ ഖാദര്‍ (40), ഭാര്യ നസ്റിന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്.
സംഭവിച്ചത് ഇങ്ങനെ:
ശനിയാഴ്ച രാത്രി പത്തരയോടെ അബ്ദുള്ളയും കുടുംബവും മറ്റ് അഞ്ച് ബന്ധുക്കള്‍ക്കൊപ്പം ബിരിയാണി വിരുന്നില്‍ പങ്കെടുത്തു. അതിനുശേഷം പൈധോണിയിലെ വീട്ടിലെത്തിയ കുടുംബം പുലര്‍ച്ചെ ഒരു മണിയോടെ തണ്ണിമത്തന്‍ കഴിച്ചു. അതുവരെ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ നാല് പേര്‍ക്കും കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
ആദ്യം പ്രാദേശിക ഡോക്ടറെ കാണിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ജെജെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10.15-ഓടെ ഇളയ മകള്‍ സൈനബ് മരിച്ചു. പിന്നാലെ നസ്റിനും ആയിഷയും മരണത്തിന് കീഴടങ്ങി. രാത്രി 10.30-ഓടെ അബ്ദുള്ളയും മരിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നാല് പേരും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അന്വേഷണം ഊര്‍ജിതം:
സംഭവത്തില്‍ മുംബൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുടുംബം കഴിച്ച തണ്ണിമത്തന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തണ്ണിമത്തനില്‍ വിഷാംശമോ മറ്റ് രാസവസ്തുക്കളോ കലര്‍ന്നിട്ടുണ്ടോ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്.
മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ മുണ്ടെ പറഞ്ഞു. ജെജെ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുംബൈ നഗരത്തെ ഒന്നടങ്കം ശോകത്തിലാഴ്ത്തിയിരിക്കുകയാണ് ഈ ദാരുണ സംഭവം.



