ജലന്ധർ: ബലാത്സംഗക്കേസിൽ ആരോപണവിധേയനായതിനെത്തുടർന്ന് ജലന്ധർ രൂപത അധ്യക്ഷ പദവിയിൽ നിന്ന് രാജിവെച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നൽകുന്ന യാത്രയയപ്പ് ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കാൻ കന്യാസ്ത്രീകൾക്കും വൈദികർക്കും നിർദേശം. രൂപതയിലെ സെന്റ് മേരീസ് കത്തിഡ്രൽ പള്ളിയിൽ വെച്ച് ഇന്നാണ് യാത്രയയപ്പ് ചടങ്ങുകൾ. പള്ളിയിൽ നടക്കുന്ന കുർബാനയിൽ ഫ്രാങ്കോ മുളയ്ക്കൽ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും വത്തിക്കാൻ ആവശ്യപ്പെട്ടു. സർക്കുലറിലൂടെയാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്.
|
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനായെങ്കിലും രാജിവെക്കാൻ വത്തിക്കാൻ നിർദേശം നൽകിയതോടെയാണ് ഫ്രാങ്കോ രാജി വെച്ചത്. വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഫ്രാങ്കോ രാജിവച്ചത്. വത്തിക്കാൻ ആവശ്യപ്പെട്ട പ്രകാരമായിരുന്നു രാജി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീഷൽ സെൻഷൻ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറിതേവിട്ടിരുന്നു.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് മഠത്തിൽ വെച്ച് 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ പതിമൂന്ന് തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച പരാതി കന്യാസ്ത്രീ മദർ സുപ്പീരിയറിന് നൽകിയത്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.





