മംഗളൂരു: കര്‍ണാടകയിലെ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ നാണംകെട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ തീരദേശ കര്‍ണാടകയിലെ വാര്‍ഡിലാണ് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ഒരുവോട്ട് പോലും ലഭിക്കാതിരുന്നത്.
|
കഡബ ടൗണ്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ബിജെപി അപൂര്‍വ പരാജയം ഏറ്റുവാങ്ങിയത്. ബിജെപിക്ക് വേണ്ടി വാര്‍ഡ് നമ്പര്‍ 1 കലറയില്‍ മല്‍സരിച്ച പ്രേമയാണ് ഒരുവോട്ട് പോലും നേടാനാകാതെ തോറ്റത്. വാര്‍ഡില്‍ ആകെ 418 വോട്ടാണ് പോള്‍ ചെയ്തത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തമന്ന ജബീന്‍ 201 വോട്ടുകള്‍ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജൈനാബി ആദാമിനെ 62 വോട്ടുകള്‍ക്കാണ് തമന്ന പരാജയപ്പെടുത്തിയത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി 74 വോട്ടുകള്‍ നേടി. സ്ത്രീ സംവരണ വാര്‍ഡില്‍ നാല് പേരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്.
ഒന്നാം വാര്‍ഡിലെ വോട്ടറല്ലാത്ത പ്രേമ, താന്‍ താമസിക്കുന്ന ആറാം വാര്‍ഡിലും മത്സരിച്ചിരുന്നു. അവിടെയും ഇവര്‍ പരാജയപ്പെട്ടു. 177 വോട്ടുകള്‍ നേടിയ അവര്‍ 314 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ നീലാവതി ശിവറാം എംഎസിനോട് പരാജയപ്പെട്ടു.
ഒന്നാം വാര്‍ഡ് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നാണ് ബിജെപി നേതാക്കള്‍ തങ്ങളുടെ ദയനീയ തോല്‍വിക്ക് ന്യായീകരണമായി പറയുന്നത്. നാമനിര്‍ദ്ദേശത്തിന് ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജൈനാബി ആദമിനെ പിന്തുണയ്ക്കാന്‍ പ്രാദേശിക യൂണിറ്റ് തീരുമാനിച്ചതിനാലാണ് ഔദ്യോഗിക ബിജെപി സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് കിട്ടിയതെന്ന് ദക്ഷിണ കന്നഡ ബിജെപി പ്രസിഡന്റ് സതീഷ് കുമാപ, പറഞ്ഞു.
പ്രേമയുടെ ബൂത്ത് പ്രസിഡന്റും നാമ നിര്‍ദേശ പത്രികയില്‍ ഒപ്പിട്ട രണ്ടു പേരും ഉള്‍പ്പെടെ അവര്‍ക്കെതിരേ വോട്ട് ചെയ്തതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ഹരീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ബിജെപി നേതൃത്വമാണ് നാണക്കേടിന് ഉത്തരവാദിയെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എംഎസ് മുഹമ്മദ് ആരോപിച്ചു.
ഗ്രാമപഞ്ചായത്തില്‍ നിന്ന് കഡബ ടൗണ്‍ പഞ്ചായത്തിനെ അപ്ഗ്രേഡ് ചെയ്തതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 13 സീറ്റുകളില്‍ 8 എണ്ണം നേടി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി, ബിജെപിക്ക് 5 വാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്.


