ഉണ്ണി മുകുന്ദനെ പത്തനംതിട്ടയില്‍നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ആലോചന
|
കൊച്ചി: അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് ഉണ്ണി മുകുന്ദനെ ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നു. ശബരിമല പ്രമേയമാക്കി ചെയ്ത ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് നായകനായി അഭിനയിച്ചത് ചൂണ്ടിക്കാട്ടി ഉണ്ണിമുകുന്ദന് ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ ഉണ്ടായ സ്വാധീനം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു ആലോചന. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട സീറ്റില്‍ ഉണ്ണി മുകുന്ദന് സ്ഥാനാര്‍ഥിയായാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
പത്തനംതിട്ടയില്‍ പ്രഥമ പരിഗണന ഉണ്ണി മുകുന്ദന് തന്നെയായിരിക്കും. അതിനു ശേഷം കുമ്മനം രാജശേഖരനെ പരിഗണിക്കും. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉണ്ണി മുകുന്ദന് മത്സരരംഗത്ത് ഇറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ കൊച്ചിയില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഉണ്ണി മുകുന്ദന് അന്ന് വാക്ക് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തില്‍ ഇപ്പോഴുള്ളതിനെക്കാള്‍ അരലക്ഷം വോട്ട് കൂടുതല്‍ ലഭിച്ചാല്‍ പത്തനംതിട്ടയില്‍ ജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഉണ്ണി മുകുന്ദന് മത്സരിച്ചാല്‍ നിഷ്പക്ഷ വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ നടന് സുരേഷ് ഗോപിയും സ്ഥാനാര്‍ഥികള്‍ ആയേക്കും.
ശബരിമല വിഷയമാക്കിയാണ് കഴിഞ്ഞതവണ ബിജെപി പത്തനംതിട്ടയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയാണ് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ കെ.സുരേന്ദ്രന് മൂന്നാം സ്ഥാനത്തെത്തി.





