ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരത്തിനിറങ്ങുന്ന വിമത നേതാക്കള്‍ ബിജെപിക്ക് തലവേദനയാവുന്നു. മുഖ്യമന്ത്രി നയാബ് സിങ് സെയിനി അടക്കമുള്ളവര്‍ക്കെതിരേ മല്‍സരിക്കാനിറങ്ങിത്തിരിച്ച എട്ട് വിമത നേതാക്കളെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ആറുവര്‍ഷത്തേക്കാണ് പുറത്താക്കലെന്ന് ബിജെപി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി വ്യക്തമാക്കി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ വിമതരായി മല്‍സരിക്കാനിറങ്ങിയിരിക്കുന്നത്.
|
മുന്‍മന്ത്രി രഞ്ജിത് ചൗതാല സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുമായിരുന്നു. സന്ദീപ് ഗാര്‍ഗ് ആണ് മുഖ്യമന്ത്രിയായ നയാബ് സിങ് സെയിനിക്കെതിരേ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
സിലി റാം ശര്‍മ, മുന്‍ മന്ത്രി ബചന്‍ സിങ് ആര്യ, രാധാ അഹ്ലാവത്, നവീന്‍ ഗോയല്‍, കെഹാര്‍ സിങ് റാവത്ത്, എംഎല്‍എ ദേവേന്ദ്ര കദ്യാന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കള്‍.
തുടര്‍ച്ചയായ മൂന്നാമൂഴത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത നീക്കത്തിലാണ്. 90 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുകയും ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണുകയും ചെയ്തു.





