ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്ക് പുതിയ ചുമതല നല്‍കി പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ ചുമതലയാണ് നല്‍കിയത്. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിധൂരി നടത്തിയ വിദ്വേഷ-വംശീയ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബിധുരിക്ക് ബിജെപി പുതിയ ചുമതല നല്‍കി അനുമോദിച്ചത്.
|
കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ബിജെപി ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍
ജെപി നഡ്ഡ ഇയാളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പകരം പുതിയ ചുമതല നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ബിജെപി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പാര്‍ലമെന്‍റില്‍ വിദ്വേഷം പടര്‍ത്തിയതിന്റെ പ്രതിഫലമാണിതെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
10.77 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ടോങ്കില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടാണ് ബിധുരിക്ക് ആ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നതെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ ആരോപിച്ചു. ബിധുരി ഗുജ്ജര്‍ സമുദായത്തില്‍ നിന്നുള്ളയാളായതിനാലാണ് ജില്ലയിലെ നാല് സീറ്റുകളില്‍ വോട്ട് പിടിക്കാന്‍ ബിജെപി അയാളെ രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ മണ്ഡലം കൂടിയാണ് ടോങ്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, തൃണമൂല്‍ എംപി മെഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളും ബിജെപി നടപടിക്കെതിരെ രംഗത്തെത്തി.
ഈ മാസം 21ന് രാത്രിയാണ് ‘ചന്ദ്രയാൻ’ ചർച്ചയിൽ, മൂന്നുതവണ ലോക്സഭ എംപിയായ രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. ഡാനിഷ് അലി തീവ്രവാദിയും രാജ്യദ്രോഹിയും സുന്നത്ത് ചെയ്തവനുമാണ്, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണ് തുടങ്ങിയ വിദ്വേഷവും വംശീയവും അപകീർത്തികരവുമായ പരാമർശങ്ങളാണ് ഡാനിഷ് അലിക്കെതിരെ ബിജെപി എംപി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം, ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നും ഇയാള്‍ പറഞ്ഞിരുന്നു.





