30
Jul 2023
Tue
30 Jul 2023 Tue

ഭോപ്പാല്‍: റോഡരികില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മധ്യപ്രദേശിലെ സിധി ജില്ലയിലുള്ള ബി.ജെ.പി നേതാവ് പ്രവേശ് ശുക്ലയാണ് ക്രൂരത കാട്ടിയത്. തെരുവില്‍ ഇരിക്കുകയായിരുന്ന യുവാവിന് മുഖത്തേക്ക് പ്രവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. ബി.ജെ.പി എം.എല്‍.എ കേദര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് പ്രവേശ് ശുക്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശുക്ലക്കെതിരേ നടപടിയാവശ്യപ്പെട്ട് രംഗത്തുവന്നു.

‘ഇതാണോ ബി.ജെ.പിയുടെ ഗോത്രവര്‍ഗക്കാരോടുള്ള സ്‌നേഹം? ബി.ജെ.പി നേതാവ് എന്തുകൊണ്ട് അറസ്റ്റിലായിട്ടില്ല? ഇത് ജംഗിള്‍ രാജ് ആണ്’ കോണ്‍ഗ്രസ് സംസ്ഥാന വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി. ഇയാള്‍ പിശാച് ആണെന്നാണ് എഎപി നേതാവ് നരേഷ് ബല്യാണ്‍ പറഞ്ഞത്.

അതേസമയം, ശുക്ലക്കെതിരെ ദേശസുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി പൊലിസ് പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കെ ഗോത്രവിഭാഗത്തിനെതിരായ ബിജെപി നേതാവിന്റെ ക്രൂരത പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.