27
Sep 2024
Sun
27 Sep 2024 Sun
BJP leader building demolished

ഹൈദരാബാദ്: നിസാര കാരണങ്ങള്‍ പറഞ്ഞ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിരാളികളുടെയും വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസ് ചെയ്യുന്ന ബിജെപി ആയുധം തിരിച്ച് പ്രയോഗിച്ച് തെലങ്കാന സര്‍ക്കാര്‍. (BJP leader’s illegal building was demolished with a bulldozer) അനധികൃതമായി നിര്‍മിച്ച ബി.ജെ.പി നേതാവിന്റെ കെട്ടിടം തെലങ്കാന സര്‍ക്കാര്‍ പൊളിച്ചുനീക്കി. ബി.ജെ.പി കോര്‍പ്പറേറ്റര്‍ തോക്കല ശ്രീനിവാസ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഗഗന്‍പഹാഡിലാണ് ബി.ജെ.പി നേതാവ് അനധികൃത നിര്‍മാണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തടാകം കൈയേറി ബി.ജെ.പി നേതാവ് നിര്‍മിച്ച കെട്ടിടം കനത്ത പൊലീസ് സുരക്ഷയിലാണ് പൊളിച്ചുനീക്കിയത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ തടയാന്‍ തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ച ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്റ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര)യാണ് കെട്ടിടം പൊളിച്ചത്.

ALSO READ: മകളുടെ ആത്മഹത്യക്കു കാരണക്കാരനായ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷൻ നൽകിയ അച്ഛൻ പിടിയിൽ

34 ഏക്കര്‍ വിസ്തീര്‍ണമുണ്ടായിരുന്ന തടാകം കൈയേറ്റം മൂലം ഇപ്പോള്‍ 10-12 ഏക്കറായി കുറഞ്ഞുവെന്ന് ഹൈഡ്ര കമ്മീഷണര്‍ എ.വി. രംഗനാഥ് ചൂണ്ടിക്കാട്ടി.

അതേസമയം തെലങ്കാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് രംഗത്തെത്തി. 1980 മുതല്‍ ഈ ഭൂമി തന്റെ കുടുംബത്തിന്റെ കൈവശമുണ്ടെന്നും ഇത് പട്ടയഭൂമിയാണെന്നും തോക്കല ശ്രീനിവാസ് അവകാശപ്പെട്ടു.

നേരത്തെ അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി നടന്‍ നാഗാര്‍ജുനയുടെ ഉടസ്ഥതയിലുള്ള കണ്‍വന്‍ഷന്‍ ഹാളും അധികൃതര്‍ ബുള്‍ഡോസ് ചെയ്തിരുന്നു.

ഹൈദരാബാദിലെ മദാപൂരിലെ ഫുള്‍ ടാങ്ക് ലെവല്‍ (എഫ്.ടി.എല്‍) മേഖലയില്‍ അനധികൃത കൈയേറ്റം നടന്നെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുമുമ്പ് ഹൈദരാബാദിലെ ഉള്‍പ്രദേശമായ ഖാനാപൂരില്‍ തടാകപ്രദേശം കൈയേറിയെന്നാരോപിച്ച് മൂന്ന് നില കെട്ടിടം ഹൈഡ്ര പൊളിച്ചുനീക്കിയിരുന്നു.

സര്‍ക്കാരില്‍ നിന്ന് എല്ലാ അനുമതികളുമെടുത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് ഉടമകള്‍ പറഞ്ഞിരുന്നെങ്കിലും നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം കെട്ടിടങ്ങളാണ് ഹൈഡ്ര പൊളിച്ചുനീക്കിയത്.