കൊല്‍ക്കത്ത: ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായി പാര്‍ട്ടി എംഎല്‍എയുടെ നീക്കം. ഡാര്‍ജിലിങ്ങില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി എംഎല്‍എയായ ബിഷ്ണു പ്രസാദ് ശര്‍മ. ശനിയാഴ്ചയാണ് എംഎല്‍എ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
|
തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നുള്ളയാളെ തന്നെ ഡാര്‍ജിലിങ്ങില്‍
മത്സരിപ്പിക്കണമെന്ന് ബിഷ്ണു പ്രസാദ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ള രാജു ബിസ്തയെയാണ് ബിജെപി പരിഗണിച്ചത്. തുടര്‍ന്നാണ് ബിഷ്ണു പ്രസാദ് ശര്‍മ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ബിഷ്ണു പ്രസാദ് ബിജെപി സ്ഥാനാര്‍ഥി രാജു ബിസ്ത മണ്ഡലത്തില്‍ അന്യന്‍ ആണെന്നും പ്രതികരിച്ചിരുന്നു. രാജു ബിസ്തയുമായി വ്യക്തിവിരോധമില്ല, ഡാര്‍ജിലിങ്ങില്‍ പുറത്ത് നിന്നൊരാള്‍ മത്സരിക്കുന്നതിനെയാണ് എതിര്‍ത്തത്. ഈ മണ്ണിന്റെ മകനെയാണ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തേണ്ടത് എന്നും ശര്‍മ പ്രതികരിച്ചു.
അതേസമയം, പാര്‍ട്ടി നേതൃത്വത്തിനെതിരെ കലഹിച്ച് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശര്‍മ, ബിജെപി അംഗത്വം ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്താല്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിച്ച രാജു ബിസ്തയുടെ സ്ഥാനാര്‍ഥിത്വം അഞ്ചാം പട്ടികയിലാണ് ബിജെപി പ്രഖ്യാപിച്ചത്.





