വഖ്ഫ് ഭൂമിയായ ഈദ്ഗാഹ് മൈതാനം കർണാടകയിൽ ഇതാദ്യമായി ഗണേശ് ചതുർഥി ആഘോഷങ്ങൾക്ക് വിട്ടുനൽകിയിരിക്കുന്നു. വഖ്ഫ് ബോർഡിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം ഗണേശ് ചതുർഥിക്കായി കർണാടക ഹൈക്കോടതി വിട്ടുനൽകിയത്. ധർവാഡ് മുനിസിപൽ കോർപറേഷന്റെ നടപടിക്കെതിരേയാണ് വഖ്ഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്.
|
അതേസമയം, ബംഗളുരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ് ചതുർഥി ആഘോഷം പാടില്ലെന്ന് സുപ്രിംകോടതി വിലക്കിയതിനു പിന്നാലെയാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം ഗണേശ് ചതുർഥി ആഘോഷത്തിനു കർണാടക ഹൈക്കോടതി വിട്ടുനൽകിയതെന്നതു ശ്രദ്ധേയമായി. ജസ്റ്റിസ് അശോക് എസ് കിനാഗിയാണ് വഖ്ഫ് ബോർഡിന്റെ ഹരജി തള്ളിക്കൊണ്ട് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ് ചതുർഥി നടത്താമെന്ന് വിധിച്ചത്. ചൊവ്വാഴ്ച അർധരാത്രി ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഈദ്ഗാഹ് മൈതാനിയിൽ ഗണേശ് ചതുർഥി നടത്താൻ അനുമതി നൽകിയ തദ്ദേശഭരണകൂടത്തിന്റെ നടപടി ശരിവച്ചത്.
ഈദ്ഗാഹ് മൈതാനിയിൽ മൂന്നുദിവസത്തേക്ക് ഗണേശ വിഗ്രഹം സ്ഥാപിക്കാനാണ് ധർവാഡ് മുനിസിപൽ കോർപറേഷൻ അനുമതി നൽകിയത്. വഖ്ഫ് ഭൂമിയായ ഈദ്ഗാഹ് മൈതാനത്ത് വർഷത്തിൽ രണ്ട് പെരുന്നാൾ നിസ്കാരങ്ങളാണ് നടക്കുക. ആഗസ്ത് 15ന് ഈദ്ഗാഹ് മൈതാനിയിൽ ദേശീയപതാക ഉയർത്താൻ മുസ് ലിം സംഘടനകൾ അനുമതി ചോദിച്ചെങ്കിലും അധികൃതർ അനുമതി നൽകിയിരുന്നില്ല. റവന്യൂവകുപ്പിനായിരുന്നു അധികൃതർ ദേശീയപതാക ഉയർത്താൻ അനുമതി നൽകിയത്.
ഇതാദ്യമായാണ് ഈദ്ഗാഹ് മൈതാനം ഗണേശ് ചതുർഥി ആഘോഷങ്ങൾക്ക് വിട്ടുനൽകുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നാണ് ഉയരുന്ന വിമർശനം. മുസ് ലിംകൾക്ക് നിസ്കാരത്തിനായി പൂർവികർ വിട്ടുനൽകിയ വഖ്ഫ് ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കരുതെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് സർക്കാർ ഗണേശ് ചതുർഥിക്കായി ഈദ്ഗാഹ് മൈതാനം വിട്ടുനൽകാൻ ശ്രമിക്കുന്നത്.
ബംഗളുരുവിലെ ഈദ്ഗാഹ് മൈതാനം ഗണേശ് ചതുർഥിക്ക് വിട്ടുനൽകുന്നതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച വഖ്ഫ്ബോർഡിനു വേണ്ടി ഹാജരായ കപിൽ സിബൽ വഖ്ഫ് ചെയ്ത സ്വത്തിന് പിന്നിലെ പൂർവികരുടെ ഉദ്ദേശലക്ഷ്യം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതോടെയാണ് കോടതി മൈതാനം ഗണേശ് ചതുർഥിക്ക് വിട്ടുനൽകരുതെന്ന് നിർദേശിച്ചത്. ഇതിനു വിരുദ്ധമാണ് ഹൈക്കോടതി ഇന്നലെ അർധരാത്രി പുറപ്പെടുവിച്ച ഉത്തരവ്. ബിജെപി സർക്കാരിന്റെ രാഷ്ട്രീയനീക്കത്തിന് പിന്തുണ പകരുന്ന ഉത്തരവ് കൂടിയായി അത്.
കലാലയങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരേ ഹരജിക്കാർ സുപ്രിംകോടതിയെ സമീപിച്ചത് കഴിഞ്ഞദിവസമാണ്. വിഷയത്തിൽ സുപ്രിംകോടതി കർണാടക സർക്കാരിന് നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.



