|
ഷിംല: ഹിമാചല്‍പ്രദേശില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറുകയും മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വിയെ തോല്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി. പ്രതിസന്ധിയിലായ സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള തീവ്രനീക്കത്തിലാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭൂപീന്ദര്‍ സിങ് ഹൂഡയെയും വിമത എംഎല്‍എമാരെ അനുയയിപ്പിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി അപ്രതീക്ഷിതമായി തോറ്റിരുന്നു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണിത്.
ഇതിന് പിന്നാലെ സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് വിമത എംഎല്‍എമാരെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. സുഖ്വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള ആവശ്യങ്ങളാണ് വിമതര്‍ മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസിലെ 26 എംഎല്‍എമാര്‍ക്കും ഇതേ ആവശ്യമുണ്ടെന്നും വിമതര്‍ അവകാശപ്പെടുന്നു.
മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ചരടുവലികളാണ് ഹിമാചലിലെ അട്ടിമറിക്ക് പിന്നിലെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞാണ് ആനന്ദ് ശര്‍മയുമായി അടുപ്പമുള്ള ഭൂപീന്ദര്‍ സിങ് ഹൂഡയെ അനുയയത്തിനായി നിയോഗിച്ചിരിക്കുന്നത്. സുധീര്‍ ശര്‍മ, രാജേന്ദര്‍ റാണ എന്നീ രണ്ട് എംഎല്‍എമാരാണ് വിമതര്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേ സമയം വിമതരെ അയോഗ്യരാക്കണമെന്നാണ് സുഖു വിഭാഗത്തിന്റെ ആവശ്യം.
മൂന്ന് സംസ്ഥാനങ്ങളിലായി 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രോസ് വോട്ടിംഗില്‍ ഉത്തര്‍പ്രദേശിലും ഹിമാചല്‍ പ്രദേശിലും ബിജെപി വിജയിച്ചു. അതേസമയം കര്‍ണാടകയില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. അജയ് മാക്കന്‍, നാസര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ വിജയിച്ചതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മൂന്ന് രാജ്യസഭാ സീറ്റുകള്‍ നേടി. മറുവശത്ത് ബിജെപി സ്ഥാനാര്‍ത്ഥി നാരായന്‍സ ഭണ്ഡാഗെ ഒരു സീറ്റില്‍ വിജയിച്ചു. അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി ജെഡി(എസ്) നേതാവ് ഡി കുപേന്ദ്ര റെഡ്ഡി 36 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.





