|
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടെ പാകിസ്താനിലെ പ്രശ്‌നകലുഷിതമായ പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിലുണ്ടായ സ്ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മാര്‍ഗത് ചൗക്കിയില്‍ ഇന്നലെ രാത്രിയോടെ ആണ് ആക്രമണം. റോഡരികിൽ ഉണ്ടായ സ്‌ഫോടനത്തിൽ സൈനിക വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എൽ.എ) ഏറ്റെടുത്തു.
റിമോട്ട് കണ്‍ട്രോള്‍ വഴി നാടൻ ബോംബ് ഉപയോഗിച്ച് ആണ് ബി.എൽ.എ സ്‌ഫോടനം നടത്തിയത്. നേരത്തെ സ്ഥാപിച്ച കുഴി ബോംബിന് സമീപത്തുകൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം തങ്ങളാണ് നടത്തിയതെന്ന പ്രസ്താവനയിൽ, പാക് സൈന്യത്തിനെതിരെ പോരാട്ടം തുടരുമെന്നും ബി.എൽ.എ വ്യക്തമാക്കി.
ബുധനാഴ്ച പോളിയോ വാക്സിനേഷൻ സംഘത്തോടൊപ്പമെത്തിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബലൂചിസ്താനിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ്, പാക്ക് സൈന്യത്തെ ലക്ഷ്യം വച്ചുണ്ടായ പുതിയ ആക്രമണം നടക്കുന്നത്. ബലൂചിസ്താൻ പ്രവിശ്യയിലെ പ്രകൃതി വിഭവങ്ങൾ പാകിസ്താൻ ചൂഷണം ചെയ്യുകയാണെന്നും തങ്ങളെ അവഗണിക്കുകയാണെന്നുമാണ് ബി.എൽ.എയുടെ വാദം. 2019ൽ ബി.എൽഎയെ യു.എൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.


