കൊച്ചി: പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ മുന്നേറ്റ താരം ജോഷ്വ സൊറ്റിരിയോയ്ക്ക് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്കുസംഭവിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. താരം പരിക്കേറ്റതിന് ശേഷം ഗ്രൗണ്ട് വിട്ട് പുറത്തേക്കുപോകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ പ്രീ സീസണിന്റെ തുടക്കത്തില്‍ത്തന്നെ ഇതുപോലൊരു പരിക്കിന്റെ പ്രശ്‌നം ക്യാമ്പിലുണ്ടായത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് 2 വര്‍ഷ കരാറിലായിരുന്നു ജോഷ്വ സൊറ്റൊരിയോയെ ഇക്കുറി സൈന്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ താരം അപൊസ്‌തൊലസ് ജിയാനുവിന് പകരക്കാരനായെന്നോണമാണ് ക്ലബ്ബ് സൊറ്റിരിയോയെ ടീമിലെത്തിച്ചത്. പരുക്കന്‍ കളിക്ക് പേരുകേട്ട താരം പ്രധാനമായും സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലാണ് കളിക്കാറുള്ളത്.
|
ഓസ്‌ട്രേലിയയുടെ അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകള്‍ക്കായി പന്തുതട്ടിയിട്ടുള്ള ഈ യുവ താരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകളാണുള്ളത്. ടീമിന്റെ തന്ത്രങ്ങളിലും അദ്ദേഹത്തിന് നിര്‍ണായക സ്ഥാനമുണ്ടാകുമെന്നാണ് സൂചന. അതുകൊണ്ടു തന്നെ താരം ഉടന്‍ പരിക്കുമാറി പരിശീലനത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേ സമയം ഡ്യൂറന്റ് കപ്പോടെയാണ് 2023-24 ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇത്തവണത്തെ ഡ്യൂറന്റ് കപ്പ്. ഇതിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പ്രീ സീസണ്‍ പര്യടനത്തിനുപോകും. അതേ സമയം പ്രീ സീസണ്‍ തുടങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷര്‍ട്ട് നമ്പരുകള്‍ ഏതൊക്കെയാണെന്ന കാര്യത്തിലും വ്യക്തത വന്നു. ഉറുഗ്വെന്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയ്ക്ക് പത്താം നമ്പര്‍ ലഭിച്ചതാണ് ശ്രദ്ധേയം. കഴിഞ്ഞ സീസണുകളില്‍ ഹര്‍മന്‍ജോത് ഖബ്രയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ പത്താം നമ്പര്‍ താരം. ഖബ്ര ഇക്കുറി ക്ലബ്ബ് വിട്ടതോടെ ഒഴിവുവന്ന പത്താം നമ്പര്‍ ലൂണ സ്വന്തമാക്കുകയായിരുന്നു. നേരത്തെ ബ്ലാസ്റ്റേഴ്‌സില്‍ ഇരുപതാം നമ്പര്‍ ജേഴ്‌സിയായിരുന്നു ലൂണ ധരിച്ചിരുന്നത്. മലയാളി താരമായ രാഹുല്‍ കെപി ഏഴാം നമ്പര്‍ ജേഴ്‌സിയും ഈ സീസണില്‍ ധരിക്കും. മുന്‍ സീസണുകളില്‍ 17-ം നമ്പര്‍ ജേഴ്‌സിയായിരുന്നു രാഹുല്‍ ധരിച്ചിരുന്നത്. മറ്റൊരു മലയാളി താരമായ നിഹാല്‍ സുധീഷ് 77-ം നമ്പര്‍ ജേഴ്‌സിയണിഞ്ഞാവും ഇക്കുറി കളിക്കുക.
തങ്ങളുടെ കന്നി കിരീടം പ്രതീക്ഷിച്ചുകൊണ്ട് 2022-23 സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ആരംഭിച്ച പ്രീ സീസണ്‍ ക്യാമ്പിലേക്ക് അഡ്രിയാന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങളെത്തിയിട്ടുണ്ട്.


