30
May 2023
Mon
30 May 2023 Mon

കോഴിക്കോട്: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട്ടു നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന നാസറിനെ വൈകീട്ട് ആറോടെയാണ് പൊലീസ് കസ്റ്റഡിഡിയിലെടുത്തത്. ഇയാളെ ഉടൻ താനൂർ പൊലീസിനു കൈമാറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിനു പിന്നാലെ നാസറും ഡ്രൈവർ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട്ടാണ് നാസർ ഒളിവിൽ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.

ഉച്ചയോടെ ഇയാളുടെ വാഹനവും ഡ്രൈവറെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് നാസർ വിളിച്ചിരുന്നു. പിന്നീട് നാസർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അതേസമയം, പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂർ പൊലീസിന് കൈമാറും.

​ഗുരുതര നിയമലംഘനങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന് രജിസ്ട്രേഷനുണ്ടായിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ഉൾക്കൊള്ളാവുന്നതിനേക്കാൾ ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. ആറ് മണിക്ക് സർവീസ് നിർത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചു. 20 പേർക്ക് പകരം 35ഓളം പേരെ കയറ്റിയ ബോട്ട് ഏഴ് മണിക്ക് ശേഷവും സർവീസ് നടത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് കേരളത്തെ ഞെട്ടിച്ച് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും എംഎൽഎമാരും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അപകടത്തിൽ പത്ത് പേർക്ക് പരിക്കേൽക്കുകയും അഞ്ച് പേർ നീന്തി രക്ഷപെടുകയും ഏറ്റവും ഒടുവിൽ ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു കുട്ടിയെ കൂടി രക്ഷപെടുത്തുകയും ചെയ്തിരുന്നു. അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരെ ഒരു ഖബറിൽ സംസ്കരിച്ച കാഴ്ച കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരുന്നു.