ലൈംഗികാധിക്ഷേപം നടത്തിയെന്നു ചൂണ്ടിക്കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകളും സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
|
ഇമെയിലായി പരാതി നല്‍കിയതിനു പിന്നാലെ പോലീസ് കേസെടുക്കുകയും വയനാട്ടിലെ ബോബിയുടെ എസ്‌റ്റേറ്റിലെത്തി പോലീസ് പിടികൂടുകയുമായിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരായി ഹണി റോസ് രഹസ്യമൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോബിയെ ചോദ്യം ചെയ്യുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനു പോയ സമയത്തായിരുന്നു ദ്വയാര്‍ഥ പ്രയോഗത്തിലൂടെ തന്നെ അവഹേളിച്ചതെന്ന് ഹണി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ തെളിവായി ഹണി പോലീസിനു സമര്‍പ്പിച്ചിട്ടുണ്ട്. ഹണിയുടെ പരാതിക്കു പിന്നാലെ ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശവുമായി വീണ്ടും രംഗത്തുവന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.


